സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത, നാളെ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം -മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല.

ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കുറേപേര്‍ അത് പാലിക്കുന്നതായി കണ്ടു. എന്നാല്‍, പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്‍റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല, മൂന്നാം തരംഗത്തിന്‍റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐ.സി.യുവും സജ്ജമാക്കി വരുന്നു. വെന്‍റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ല, ജനറല്‍ ആശുപത്രികളിലെ ഐ.സി.യുകളെ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും. വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു കിടക്കകള്‍, 96 ഐ.സി.യു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.

ഓക്‌സിജന്‍റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. നിർമാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണ്ണും കെ.എം.എസ്.സി.എല്‍ ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണ്ണും ഓക്‌സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്‌സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്. 33 ഓക്‌സിജന്‍ ജനറേഷന്‍ യൂനിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിർമിക്കാന്‍ സാധിക്കും. ഇതില്‍ ഒമ്പത്​ എണ്ണം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂനിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന് പുറമെ സര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം നിർമിക്കാനുള്ള ഓക്‌സിജന്‍ ജനറേഷന്‍ സംവിധാനം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചുകഴിഞ്ഞു.

മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് സ്വാഭാവികമായും വീട്ടിലുള്ള മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ നിര്‍ബന്ധമായും ക്വാറ​ൈന്‍റന്‍ വ്യവസ്ഥകള്‍ പാലിക്കണം. വയോജനങ്ങള്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.

അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.

പരിശോധന വർധിപ്പിക്കും

പരിശോധനകള്‍ പരമാവധി വര്‍ധിപ്പിക്കുന്നതാണ്. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ യാത്ര നടത്താതെ കോവിഡ് പരിശോധന നടത്തി കോവിഡല്ലെന്ന് ഉറപ്പിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം ഡബിള്‍ മാസ്‌ക്കോ എന്‍ 95 മാസ്‌ക്കോ ധരിക്കണം. വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ട്​ മീറ്റര്‍ അകലം പാലിക്കുകയും കൈകള്‍ ഇടക്കിടക്ക്​ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യണം.

പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്‌സിന്‍ എടുത്തുവെന്ന് കരുതി ആരും ജാഗ്രത കൈവിടരുത്. അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Four weeks of high vigilance in the state, emergency meeting of the health department tomorrow - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.