കൊച്ചി: ആരുമറിയാതെ ഇന്ധനവില കുതിക്കുന്നു. അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുേമ്പാഴും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്. വില ദിവസവും മാറുന്ന സമ്പ്രദായം നിലവിൽ വന്നതോടെ വർധന മുമ്പത്തേതുപോലെ ചർച്ച ചെയ്യപ്പെടുന്നില്ല. ഇത് മുതലാക്കി എണ്ണക്കമ്പനികൾ കൊള്ള തുടരുകയാണ്.
പെട്രോൾ, ഡീസൽ വില ദിവസവും മാറുന്ന രീതി ജൂൺ 16നാണ് നിലവിൽ വന്നത്. ആഗസ്റ്റ് ഒന്നിനുശേഷം പെട്രോൾ വില ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപയിലധികവും വർധിച്ചു. മുമ്പ് സമാന വർധന ദേശീയതലത്തിൽതന്നെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഉപഭോക്താക്കൾപോലും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാത്ത അവസ്ഥയാണ്.
അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവിലയുടെ മറവിൽ ഉപഭോക്താക്കളെ കൊള്ളയടിക്കാൻ ഇത് എണ്ണക്കമ്പനികൾക്ക് പ്രേരണയാകുന്നു. ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 67.81ഉം ഡീസലിന് 59.32 രൂപയുമായിരുന്നു. ബുധനാഴ്ച ഇത് യഥാക്രമം 70.72 രൂപയും 61.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 71.95 ഉം ഡീസലിന് 62.44 രൂപയിലുമെത്തി. 2014 ജൂണിൽ ബാരലിന് 101 ഡോളർ ആയിരുന്ന അസംസ്കൃത എണ്ണക്ക് 51.-52 ഡോളറാണ് ഇപ്പോൾ വില. 159 ലിറ്ററാണ് ഒരുബാരൽ. രൂപയുമായി ഡോളറിെൻറ വിനിമയ നിരക്ക് 64.18 രൂപയാണ്. ഇതനുസരിച്ച് 3273.18 രൂപയാണ് ഒരു ബാരൽ അസംസ്കൃത എണ്ണയുടെ വില. ഒരുലിറ്ററിന് 20.58 രൂപയോളം. രാജ്യത്ത് എണ്ണ ശുദ്ധീകരണ ചെലവ് താരതമ്യേന കുറവാണെന്നിരിക്കെ നിലവിൽ ഒരുലിറ്റർ പെട്രോളിന് 67-68 രൂപയിൽ കൂടുതൽ ഇൗടാക്കേണ്ടതില്ലെന്നാണ് പെട്രോളിയം വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.