'പാർട്ടി സെക്രട്ടറിയോട് ചോദിക്കൂ'; അച്ചടക്ക നടപടിയിൽ പ്രതികരിക്കാതെ സുധാകരൻ

തിരുവനന്തപുരം: സി.പി.എം സ്വീകരിച്ച അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയാറാകാതെ മുൻ മന്ത്രി ജി. സുധാകരൻ. സംസ്ഥാന സമിതി യോഗത്തിന് ശേഷം പ്രതികരിക്കാൻ വിസമ്മതിച്ച സുധാകരൻ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയില്ല. 'ഒന്നും പറയാനില്ല, ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കൂ' എന്നായിരുന്നു പ്രതികരണം.

സംസ്ഥാന സമിതി യോഗത്തിന് ശേഷം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സുധാകരൻ കണ്ടിരുന്നു. ഇതിന് ശേഷമാണ് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജി. സുധാകരന് സി.പി.എം​ പരസ്യശാസന നൽകിയത്. സി.പി.എം സംസ്ഥാനസമിതിയാണ്​ സുധാകരനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്​.

അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്‍റെ വിജയം ഉറപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമീഷന്‍റെ കണ്ടെത്തല്‍.

സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി. സുധാകരന്‍റെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ സുധാകരൻ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എളമരം കരീമിനെയും കെ.ജെ. തോമസിനെയുമാണ് സുധാകരനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ സി.പി.എം ചുമതലപ്പെടുത്തിയിരുന്നത്.

Tags:    
News Summary - G Sudhakaran refused to respond about disciplinary action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.