ഇരിട്ടി ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് ആണെന്ന് ഫേസ്ബുക് പോസ്റ്റിട്ടതിന് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി യൂത്ത് ലീഗ് പ്രവർത്തകൻ. ജീവകാരുണ്യ പ്രവർത്തകനും യൂത്ത് ലീഗ് പ്രവർത്തകനുമായ സിയ പൊയിലനെയാണ് സി.ഐ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കേസെടുക്കുമെന്ന് പറഞ്ഞത്.
യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ പൊലീസ് നീക്കം. എല്ലാ സത്യവും വിളിച്ച് പറയാനുള്ളതല്ലെന്നും ആർ.എസ്.എസ് ആണ് ഗാന്ധിജിയെ വധിച്ചത് എന്നത് സത്യമാണെങ്കിൽ പോലും അത് പറയേണ്ട കാര്യമില്ലെന്നും സി.ഐ പറഞ്ഞതായി സിയ പൊയിലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ഇന്ത്യയിൽ ആദ്യ ഭീകരാക്രമണം നടത്തിയത് RSS, ഗാന്ധിയെ കൊന്നത് RSS’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് പരാതിക്കാധാരം. പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി രംഗതെതത്തി. സംഘികൾ നൽകിയ പരാതിയിലാണ് സിയയെ പൊലീസ് വിളിപ്പിച്ചതെന്നും ഇതിനെ ചോദ്യം ചെയ്തപ്പോൾ കേസെടുക്കുമെന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് സി.ഐ നൽകിയതെന്നും കറകളഞ്ഞ സംഘിയുടെ ഭാഷയായിരുന്നു അതെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സത്യത്തിൽ പിണറായി ഭരണത്തിൽ സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നും കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും അദ്ദേഹം കുറിച്ചു. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെയാണെന്നും കേസ് എടുക്കുന്നേൽ സംഘി പൊലീസ് എടുത്തോയെന്നും റിജിൽ മാക്കുറ്റി വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.