കേരളത്തിലേത്​ ജനിതക വ്യതിയാനം വന്ന വൈറസുകൾ; നേരിയ അലംഭാവം വലിയ ദുരന്തത്തിന്​ വഴിയൊരുക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ച വ്യാപനശേഷിക്ക്​ കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തി​ൻെറ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തി‍ൻെറ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോർട്ട്​. അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്​ടിക്കാം. പ്രതിരോധനടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം. പൊതുസ്ഥലങ്ങളില്‍ എല്ലാവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയേ തീരൂ. ഇപ്പോൾ രോഗികളുടെ എണ്ണം കൂടുന്നതിന്​ കരുതലില്ലായ്​മ വലിയ കാരണമാണ്​. ഒാണാഘോഷങ്ങളും കൂടിച്ചേരലുകളും ഒരു ഘടകമായിരിക്കാം. കരുതലും ജാഗ്രതയും തിരിച്ചുപിടിക്കണം.

ഗവേഷണ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തി. അവയുടെ വംശാവലി സാര്‍സ് കൊറോണ-2 ‍ൻെറ ഇന്ത്യന്‍ ഉപവിഭാഗമായ 'എ 2 എ' ആണെന്ന് നിര്‍ണയിച്ചു. വിദേശ വംശാവലിയില്‍പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍നിന്ന്​ ലഭിക്കുന്ന വിവരപ്രകാരം ഒഡിഷ, കര്‍ണാടക, മഹാരാഷ്​ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.