കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ വിട്ടുകിട്ടാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. വിശദമായ അന്വേഷണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷണത്തിന് നേതൃത്വംകൊടുക്കുന്ന ഡിവൈ.എസ്.പി എം.എം. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിരുന്നോ കൂടുതൽ കുട്ടികളെ ഇത്തരത്തിൽ തട്ടികൊണ്ടുപോകാൻ ശ്രമിച്ചോ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപിന്നിൽ പണമല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.
പ്രതികൾ പോയ വഴികളിലെ സി.സി ടി.വി ദൃശ്യങ്ങൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതാകുമാരി (39), മകൾ പി. അനുപമ (21) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.മോചനദ്രവ്യത്തിനായി കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ആദ്യഘട്ടം അന്വേഷിച്ച സംഘത്തിലും എം.എം. ജോസ് അംഗമായിരുന്നെങ്കിലും ഇപ്പോൾ അന്വേഷണത്തിന്റെ മേൽനോട്ടമാണ് അദ്ദേഹത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.