തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) ചാർജ് ചെയ്യാൻ വിപുലമായ സൗകര്യമൊരുങ്ങുന്നു. നിലവിൽ എല്ലായിടങ്ങളിലും ചാർജിങ് സംവിധാനമില്ലാത്തതാണ് ഇ.വി വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി. ഇതിന് പരിഹാരമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചാർജിങ് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി സജ്ജമാക്കാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. കാർബൺ മുക്ത വൈദ്യുതി അടക്കം ഈരംഗത്തെ വിവിധ പദ്ധതികളുടെ നിർവഹണം നടത്തുന്ന ആഗോള കമ്പനിയായ റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർ.എം.ഐ) സഹകരണം പ്രയോജനപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചു.
ഇ.വി ചാർജിങ് രംഗത്ത് കെ.എസ്.ഇ.ബി ഇതിനകം വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനായിട്ടില്ല. ഇതിനിടെയാണ് സഹകരണ വാഗ്ദാനവുമായി ആർ.എം.ഐ കെ.എസ്.ഇ.ബിയെ ബന്ധപ്പെടുന്നത്. കെ.എസ്.ഇ.ബിയുടെ ഇ.വി ആക്സലറേറ്റൽ സെൽ വിപുലമാക്കുന്നതിനും സംസ്ഥാന വ്യാപകമായി ഇ.വി സ്റ്റേഷനുകൾ സജ്ജമാക്കാൻ പ്രാപ്തമാക്കുകയുമാണ് ഇത് സംബന്ധിച്ച ധാരണയിൽ പ്രധാനം. ഇ.വി ഇൻഫ്രാസ്ട്രക്ചർ ഡാഷ്ബോർഡ് വികസിപ്പിക്കാനും ആർ.എം.ഐയുടെ സാങ്കേതിക പിന്തുണ പ്രയോജനപ്പെടുത്തും.
ഇ.വി ചാർജിങ്ങുമായി ബന്ധപ്പെട്ട് ഗ്രിഡിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ, ഇ.വി ചാർജിങ് സംബന്ധിച്ച ഉപഭോക്താക്കളുടെ ആവശ്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച പ്രവർത്തന രൂപരേഖ എന്നിവയും തയാറാക്കും. ആധുനിക സൗകര്യങ്ങളൊരുക്കി വാഹന ചാർജിങ് മേഖലയിലെ മുൻനിര സ്ഥാപനമായി മാറുകവഴി വലിയ വരുമാന സാധ്യതകൂടി കെ.എസ്.ഇ.ബി മുന്നിൽ കാണുന്നു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിൽപന വർധിക്കുമ്പോഴും എല്ലായിടങ്ങളിലും ചാർജിങ് സംവിധാനമില്ലാത്തതാണ് പ്രധാന പോരായ്മ. പെട്രോൾ-ഡീസൽ പമ്പുകൾ എന്നപോലെ ഇ.വി ചാർജിങ് സംവിധാനവും വ്യാപമാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഇതിനകം ആരംഭിച്ച ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.