കൊച്ചി: ശിവശങ്കറും സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റി വ്യക്തമായ സൂചന അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ശിവശങ്കറുടെ നിർദേശപ്രകാരമാണ് സ്വപ്നക്കൊപ്പം ഒരുമിച്ച് ലോക്കർ തുറന്ന് 30 ലക്ഷം നിക്ഷേപിച്ചതെന്ന് നേരത്തേ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ലോക്കറിെൻറ താക്കോൽ സൂക്ഷിച്ചിരുന്നത് താനാണെന്നും ഇയാൾ സമ്മതിച്ചിരുന്നു.
എസ്.ബി.ഐ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിൽ അക്കൗണ്ട് തുറക്കുന്നതിെൻറ തലേന്ന് 35 ലക്ഷം കൊടുത്തുവിടുന്നുണ്ടെന്ന് കാട്ടി വേണുഗോപാലിന് ശിവശങ്കർ വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ശിവശങ്കർ 30 ലക്ഷമാണ് കൊടുത്തുവിട്ടതെന്നായിരുന്നു വേണുഗോപാലിെൻറ മൊഴി. 20 ലക്ഷം ലോക്കറിൽ സൂക്ഷിക്കാൻ സഹായിച്ചെന്നാണ് നേരത്തേ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞത്.
എന്നാൽ, വാട്സ്ആപ്പ് ചാറ്റുകളിൽനിന്ന് 30 ലക്ഷം കൈമാറിയതായി വ്യക്തമായിരുന്നു. ലോക്കറിൽ സൂക്ഷിച്ച തുകയിൽ ശിവശങ്കറുടെ പണവുമുണ്ടായിരുന്നോ എന്നും സ്വർണക്കടത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നുമാണ് ഇ.ഡി പരിശോധിക്കുന്നത്.
സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി നേരത്തേതന്നെ ഇ.ഡി സ്ഥിരീകരിച്ചിരുന്നു. നേരത്തേ പലതവണയായി അന്വേഷണ ഏജൻസികൾ 101 മണിക്കൂറിലേറെ ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.
മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള ഇ.ഡിയുടെ ശക്തമായ വാദത്തെതുടർന്നാണ് മുൻകൂർ ജാമ്യം നിരസിച്ചതും കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നീങ്ങിയതും. ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനെ സാക്ഷിയാക്കിയാണ് ശിവശങ്കറിനെതിരെ കൂടുതൽ വിവരങ്ങൾ ഇ.ഡി ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.