കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് മൂന്നുദിവസം നിർണായകം. ശിവശങ്കർ ഇതുവരെ നടത്തിയ പ്രതിരോധം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച മുതലുള്ള ചോദ്യം ചെയ്യൽ ഇ.ഡി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വപ്നയെ തിരുവനന്തപുരത്തെ വനിത ജയിലിൽ ചോദ്യം ചെയ്യാൻ കോടതിയിൽനിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണിത്.
ശിവശങ്കറിനെ ജയിലിൽ കൊണ്ടുപോയി സ്വപ്നക്കൊപ്പം ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിലൂടെ ഇരുവരും ആസൂത്രിതമായി അന്വേഷണ ഏജൻസികളിൽനിന്ന് ഒളിച്ചുവെച്ചതെന്ന് സംശയിക്കുന്ന പല സത്യങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന വിവരം. സ്വപ്നയും ശിവശങ്കറും തമ്മിൽ നടത്തിയ വാട്സ് ആപ് ചാറ്റിലെ വിശദാംശങ്ങൾ ഉറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പണമിടപാട്, ചാർട്ടേഡ് അക്കൗണ്ടൻറിനെ ചുമതലപ്പെടുത്തിയത്, നയതന്ത്ര ചാനൽ വഴി പരിശോധനകൂടാതെ ബാഗേജുകൾ അയക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്, ലൈഫ് മിഷൻ, സ്പേസ് പാർക്കിലെ ജോലി, കോൺസുലേറ്റുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിലാണ് ഇരുവരിൽനിന്നും ഇ.ഡിക്ക് വ്യക്തത ലഭിക്കാനുള്ളത്. കൂടാതെ, സ്വപ്ന വാങ്ങിയ കമീഷനിൽ ശിവശങ്കറിന് പങ്ക് നൽകിയിരുന്നോ എന്ന നിർണായക ചോദ്യത്തിനുള്ള ഉത്തരമാണ് ഇ.ഡി തേടുന്നത്.
ശിവശങ്കറിനെതിരെ ഏതെങ്കിലും രീതിയിൽ സ്വപ്ന മറുപടി നൽകിയാൽ അതുവഴി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിന് കരുതലോടെയാണ് ഇ.ഡി തയാറെടുപ്പുകൾ നടത്തുന്നത്. സന്ദീപ് നായർ, സരിത് എന്നിവരെയും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ശിവശങ്കറുടെയും സ്വപ്നയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാവും സരിതിെൻറയും സന്ദീപിെൻറയും മൊഴിയെടുക്കുക. ഫോൺ വഴി മൂന്ന് ജയിലുകളിൽനിന്ന് ഒരേസമയം പ്രതികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ഉറപ്പിക്കാനും ഇ.ഡി പദ്ധതിയിടുന്നുണ്ട്. ഈ മാസം അഞ്ചിനാണ് ശിവശങ്കറുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ചോദ്യം ചെയ്യലിൽ പൂർണമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാനായില്ലെങ്കിൽ ഇ.ഡി കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.