തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലെ രാഷ്ട്രീയവിവാദം ആളിക്കത്തിക്കും. കഴിഞ്ഞദിവസം നിയമസഭയിൽ സ്വർണക്കടത്ത് അടിയന്തര പ്രമേയമായി കൊണ്ടുവന്ന പ്രതിപക്ഷത്തെ ചർച്ചയെന്ന ആയുധമുപയോഗിച്ച് സർക്കാർ പ്രതിരോധിച്ചു. എന്നാൽ, വിഷയം വീണ്ടും നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷത്തിന് കരുത്തുപകരുന്നതാണ് സ്വപ്ന ബുധനാഴ്ച പറഞ്ഞ കാര്യങ്ങൾ.
താൻ ഒറ്റക്ക് പലകുറി ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും അതുസംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറുണ്ടോ എന്നുമാണ് സ്വപ്നയുടെ വെല്ലുവിളി. ക്ലിഫ്ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ഇടിമിന്നലേറ്റ് നശിച്ചെന്ന് സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു. ഇതിൽ സംശയം ജനിപ്പിക്കാനുതകുന്നതാണ് സ്വപ്നയുടെ പരാമർശം. 2016 മുതല്‍ 2020 വരെ പലതവണ ക്ലിഫ്ഹൗസിൽ രഹസ്യയോഗത്തിന് തനിച്ച് പോയിട്ടുണ്ടെന്നും അതിെൻറ ദൃശ്യങ്ങൾ തെൻറ കൈയിലുണ്ടെന്നും സ്വപ്ന പറയുന്നു. ഇത് സർക്കാറിനെ പ്രതിരോധത്തിലാക്കുന്നതാണ്.
പരിശോധനയുണ്ടാകുമെന്ന് അറിയാമായിരുന്നതിനാലാണ് നയതന്ത്ര ചാനൽ വഴി ബാഗേജ് കൊണ്ടുപോയെന്നും സ്വപ്ന ആരോപിക്കുന്നു. ബാഗേജുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുകയുമാണ്. വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ വിദേശ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും സ്പ്രിങ്ഗ്ലറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകളാണെന്നുമൊക്കെയുള്ള സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന് ആയുധങ്ങളാണ്.
വ്യാഴാഴ്ച നിയമസഭ സമ്മേളിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പ്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തൊള്ളതൊടാതെ വിഴുങ്ങാനാകില്ലെന്ന് പ്രതിപക്ഷനേതാക്കൾ വ്യക്തമാക്കിയതോടെ വിഷയം നിയമസഭക്കകത്തും പുറത്തും കോളിളക്കമുണ്ടാക്കുമെന്നാണ് കരുതേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.