നന്മയുടെയും തിന്മയുടെയും കലർപ്പ് 

ജാതിമത വ്യത്യാസമില്ലാതെ ഇന്ത്യയിൽ ജനിച്ചുവളർന്ന ഏതൊരാൾക്കും അഭിമാനപൂർവം വായിക്കാനും വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ഉള്ള ഇതിഹാസ  ഗ്രന്ഥമാണ് രാമായണം. സാധാരണ മനുഷ്യരുടെ ഹൃദയത്തെ ആഴത്തിൽ  സ്പർശിക്കുന്ന ഒരു മൂലകഥ അതിനുണ്ട്. രാമൻ എന്ന രാജാവ്-ഭർത്താവ്, സീത എന്ന  രാജ്ഞി-ഭാര്യ, അവർക്കിടയിൽ കടന്നുവരുന്ന രാവണനെന്ന വില്ലൻ. സ്വീകാരം,  തിരസ്കാരം. ഭാര്യയെ വനത്തിൽ വലിച്ചെറിയുക, അതും ഗർഭിണിയായ ഭാര്യയെ  വനത്തിൽ വലിച്ചെറിയുമ്പോൾ ഏതൊരാളുടെ മനസ്സിലും അഗാധമായ  വികാരപാരവശ്യം ഉണ്ടാകാം. അതി‍​​െൻറ നീതിന്യായങ്ങളെ ചോദ്യംചെയ്യാത്ത കാലഘട്ടത്തിൽനിന്ന് ചോദ്യംചെയ്യുന്ന കാലഘട്ടത്തിലേക്കുള്ള  സഞ്ചാരംകൂടിയാണ് രാമായണം. 

നന്മയുടെയും തിന്മയുടെയും കലർപ്പ് രാമായണത്തിലുണ്ട്. തുടക്കം മുതലേ  ബ്രാഹ്മണരാൽ വാർത്തെടുക്കപ്പെട്ട ഒരു രാജാവാണ് രാമൻ.  ചാതുർവർണ്യത്തിലും സ്ത്രീപുരുഷ ബന്ധത്തിലും വർഗബന്ധത്തിലും ബ്രാഹ്മണ  പുരുഷാധികാര രീതിയാണ് രാമനെ ഭരിച്ചിരുന്നത്. സീതയെ ത്യജിക്കുന്നതി‍​​െൻറയും  ശംഭൂകനെ വധിക്കുന്നതി‍​​െൻറയും ബാലിയെ ഒളിയമ്പെയ്ത് കൊല്ലുന്നതി‍​​െൻറയും  ഒക്കെ പിന്നിൽ പ്രവർത്തിക്കുന്നത് ബ്രാഹ്മണേച്ഛതന്നെയാണ്. ഒരു വ്യക്തിയെന്ന നിലയിൽ ഇതുമൂലം രാമനുണ്ടായ  ആത്മസംഘർഷങ്ങളൊന്നും പരിശോധിക്കപ്പെടുന്നില്ല. കഥാവസാനം  സരയൂവിലേക്കുള്ള ഏകാന്തയാത്രയിൽ അതി‍​​െൻറ നിഴലുകൾ വീണുകിടക്കുന്നുണ്ട്.

ശംഭൂകൻ, ബാലി, സീത ഇവരുടെ നേർക്കുണ്ടായ രാമ​​​െൻറ നീതീകരിക്കാൻ പറ്റാത്ത  നടപടികൾ എല്ലാക്കാലത്തേയും സമൂഹം വിമർശിക്കുകയും ചോദ്യം ചെയ്യുകയും  ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. സമാശ്വാസം കണ്ടെത്തുന്നവർ  ഈശ്വര​​​െൻറ അവതാരമായ രാമ​​​െൻറ ലീലാവിലാസങ്ങളായിട്ടാണ് അതിനെ  വിലയിരുത്തുന്നത്. അതിന് കഴിയാത്തവർ മാനുഷിക ദൗർബല്യങ്ങളോടു കൂടിയ  രാമ‍​​െൻറ പാകപ്പിഴകളായി അതിനെ വിലയിരുത്തുന്നു. 

കേരളത്തിൽ മാപ്പിള രാമായണം,  ആദിവാസി രാമായണം തുടങ്ങി വളരെ വ്യത്യസ്തങ്ങളായ രാമായണ കൃതികൾ  നമുക്ക് കാണാൻ സാധിക്കും. അധ്യാത്മരാമായണം   സാധാരണക്കാർക്ക് നിത്യപാരായണത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള  ഭക്തികാലഘട്ടത്തി‍​​െൻറ ഉൽപന്നമാണ് എങ്കിൽ ആദിവാസി രാമായണവും മാപ്പിള  രാമായണവും ആ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വ്യത്യസ്തങ്ങളായ ജാതി-മത  വിഭാഗങ്ങളുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നു. അന്നത്തെ കാലഘട്ടത്തിൽ  മാപ്പിളരാമായണം പോലൊരു കൃതി വായിക്കുകയും ആസ്വദിക്കപ്പെടുകയും  നിലനിൽക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നായിരുന്നു  എങ്കിൽ ആ കൃതി സമൂഹത്തിൽ എത്ര വലിയ കലാപത്തിനാണ് വഴിയൊരുക്കുക  എന്ന് അദ്ഭുതത്തോടെ ഓർക്കേണ്ടിവരും. സീതയുടെ പക്ഷത്തുനിന്ന് വായിച്ചാലും ശൂർപ്പണഖയുടെ ഭാഗത്തുനിന്ന് വായിച്ചാലും രണ്ട് രാമായണങ്ങളാണുണ്ടാവുക. ഇതുതന്നെയാണ് രാമായണത്തി‍​​െൻറ വലിയ കാതൽ. 

മലയാളിയുടെ മനസ്സ് കവർന്നത് അധ്യാത്മ രാമായണം എന്ന കൃതിയാണ്. വാല്​മീകി  രാമായണം ഉപജീവിച്ചുകൊണ്ട് ഭക്തിപ്രസ്ഥാനത്തി‍​​െൻറ ഭാഗമായി എഴുത്തച്ഛൻ  എഴുതിയ ആധ്യാത്മ രാമായണം അതിസുന്ദരമായ ഒരു കാവ്യമാണ്. അതി‍​​െൻറ  നിത്യപാരായണം മനഃസംസ്കരണത്തിനും ഭാഷാശുദ്ധിക്കും  വികാരങ്ങളെ ഭദ്രമാക്കുന്നതിനും സഹായിക്കുന്നതാണ്. ഭക്തിമാർഗം വേണ്ടവർക്ക്  ആ രീതിയിൽ വായിക്കാം. കാവ്യാനുഭൂതി ആസ്വദിക്കേണ്ടവർക്ക് ആ രീതിയിൽ  വായിക്കാം. ഏത് രീതിയിലായാലും ശൂദ്രനായ എഴുത്തച്ഛൻ എഴുതിയ  ആധ്യാത്മരാമായണം മലയാളി നെഞ്ചേറ്റിയിട്ടുള്ള  പ്രിയപ്പെട്ട  സാഹിത്യകൃതിയാണ്. ഭക്തികൃതി എന്നതിനപ്പുറത്ത് അതി‍​​െൻറ സാഹിത്യമൂല്യം  വളരെ ഉയർന്നതാണ്.

Tags:    
News Summary - Good and Evil - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.