പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ലൈംഗികാതിക്രമത്തിനിരയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക്​ നഷ്ടപരിഹാരം നൽകാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ നടപടി വേണമെന്ന്​ ഹൈകോടതി. അനുയോജ്യമായ പ്രത്യേക പദ്ധതിക്ക്​ രൂപം നൽകുകയോ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന നിലവിലെ പദ്ധതിയിൽ ഭേദഗതി വരുത്തുകയോ വേണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. ലൈംഗികാതിക്രമത്തിന് ഇരകളായ രണ്ടുപേർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാനുള്ള ആലപ്പുഴ പോക്‌സോ പ്രത്യേക കോടതി ഉത്തരവിനെതിരെ എറണാകുളത്തെ കേരള സ്റ്റേറ്റ്​ ലീഗൽ സർവിസസ് അതോറിറ്റി നൽകിയ ഹരജി തള്ളിയാണ്​ ഉത്തരവ്​.

പോക്‌സോ കേസ്​ ഇരകൾക്ക്​ നഷ്ടപരിഹാരം നൽകാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന്​ വിലയിരുത്തിയാണ്​ ഉത്തരവ്​. പോക്​സോ ഇരകൾക്ക്​ ഗുണകരമാകുമെന്നതിനാൽ ഭേദഗതികൾ അനിവാര്യമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്​ ക്യൂറി അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2017ൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക്​ സർക്കാർ രൂപം നൽകിയിരുന്നു. 2021ൽ നിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നു. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.

എന്നാൽ, നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ പോക്സോ കേസിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ല. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക്​ പുറമെ, കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തണം. കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മറ്റ്​ ലൈംഗിക പീഡനങ്ങളെക്കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കണം. അതുവരെ പോക്സോ കേസിലെ ഇരകൾക്ക്​ 2018ലെ നാഷനൽ ലീഗൽ സർവിസ്​ അതോറിറ്റിയുടെ പദ്ധതി പ്രകാരം നഷ്ടപരിഹാരം അനുവദിക്കാം -ഹൈകോടതി വ്യക്തമാക്കി.

Tags:    
News Summary - government should prepare compensation plan for victims of POCSO case says High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.