പാലിയേക്കര ടോൾ: കരാർ കമ്പനിക്ക് 2129 കോടി രൂപ പിഴ, ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം സർക്കാർ തടയണമെന്ന് കോൺഗ്രസ്

തൃശൂർ: കരാർ ലംഘനത്തിന് പാലിയേക്കര ടോൾ കരാർ കമ്പനിക്ക് 2128.72 കോടി രൂപ ദേശീയപാത അതോറിറ്റി പിഴ ചുമത്തിയ സാഹചര്യത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം സർക്കാർ ഇടപെട്ട് തടയണമെന്ന് തൃശൂർ ഡി.സി.സി വൈസ് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിനും വകുപ്പ് സെക്രട്ടറിക്കും തൃശൂർ കലക്ടർക്കും കത്ത് നൽകി.

കമ്പനിയുടെ കരാർ ലംഘനം നിരന്തരമായി പുറത്തുകൊണ്ടുവരുന്നതിനാലാണ് കമ്പനിക്ക് ഇത്രയും ഭീമമായ തുക പിഴ അടക്കേണ്ടിവരുന്നത്. കരാർ പ്രകാരം എല്ലാ വർഷവും സെപ്റ്റംബർ ഒന്നിന് നിരക്ക് വർധിപ്പിക്കാം. അതിന് 45 ദിവസം മുമ്പ് കരാർ കമ്പനി ദേശീയപാത അതോറിറ്റിക്ക് ശിപാർശ സമർപ്പിക്കണം. അതിന് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കി അനുമതി നൽകണം.

കരാർ ലംഘനത്തിന് ജൂൺ 30 വരെ 2128.72 കോടി രൂപ പിഴ ചുമത്തപ്പെടുകയും കരാറിൽ പറയുന്ന പ്രവൃത്തികൾ ചെയ്ത് തീർക്കാത്തതിനാലും കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി കരാറിൽനിന്നും പുറത്താക്കാൻ അതോറിറ്റിതന്നെ നടപടി സ്വീകരിച്ച സാഹചര്യത്തിലും സുരക്ഷ ഓഡിറ്റ്‌ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാത്തതിനാലും നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് അതോറിറ്റിക്ക് നിയമപരമായ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.

2022 നവംബറിൽ നടത്തിയ സുരക്ഷ ഓഡിറ്റിൽ പറയുന്ന അതിതീവ്ര, തീവ്ര അപകട സാധ്യതയുള്ള 11 ബ്ലാക്ക് സ്പോർട്ടുൾപ്പെടെ അമ്പതോളം കവലകളിൽ നിർദേശിച്ച മേൽപാലങ്ങൾ, അടിപാതകൾ, യു ടേൺ ട്രാക്കുകൾ, സൈൻ ബോർഡുകൾ തുടങ്ങിയവ കമ്പനി സ്ഥാപിച്ചിട്ടില്ല. ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ബ്ലാക്ക് സ്പോട്ടുകളിലെ അടിപ്പാത മാത്രമാണ് പണി ആരംഭിച്ചത്. മറ്റ് പ്രവൃത്തികൾ തീർക്കാതെ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നിലനിൽക്കുകയാണ്. ഈ വർഷത്തെ നിരക്ക് വർധനവ് തടയാൻ ബോധിപ്പിച്ച ഹർജി ഈ ആഴ്ച വിചാരണക്ക് വരും.

2018ലെ നിരക്ക് വർധനവിനെതിരെ തങ്ങൾ നൽകിയ കേസിൽ എല്ലാ പ്രവൃത്തികളും ചെയ്തു എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹരജി തീർപ്പാക്കിയതാണ്. ഇപ്പോഴും പ്രവൃത്തികൾ ചെയ്ത് തീർത്തിട്ടില്ല എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത് ഗുരുതരമായ വീഴ്ചയാണ്. ജൂൺ 30 വരെ 1412.45 കോടി രൂപ പിരിച്ചെടുത്തുവെന്നും ദിവസേന 42,000 വാഹനങ്ങൾ പ്ലാസ വഴി കടന്നു പോകുന്നു വെന്നും ഇതിന് 53 ലക്ഷം രൂപ ലഭിക്കുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇനിയും ജനങ്ങളെ കൊള്ളയടിക്കാൻ കമ്പനിയെ സർക്കാർ അനുവദിക്കരുതെന്ന്ജോസഫ് ടാജറ്റ് പറഞ്ഞു.

Tags:    
News Summary - government should stop the move to increase the toll rate in paliakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.