തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്ത് രാജ്യവിരുദ്ധ കുറ്റമാണെന്നും അത് ഗവർണറെ അറിയിക്കാത്തത് വഴി സർക്കാർ ഭരണഘടനപരമായ ചുമതല വഹിക്കുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തിയെന്നും ഗവർണർ തുറന്നടിച്ചു.
മുഖ്യമന്ത്രി പറഞ്ഞ വലിയതോതിലുള്ള സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്. അത് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യേണ്ടത് ഗവർണറുടെ ചുമതലയല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
സെപ്റ്റംബർ 21ന് വാർത്തസമ്മേളനത്തിൽ സ്വർണക്കടത്ത് വിവരം മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ വിവരങ്ങൾ തേടി അദ്ദേഹത്തിന് കത്ത് നൽകി. എന്നാൽ ഒക്ടോബർ എട്ടിനാണ് മറുപടി നൽകിയത്. നിയമസഭ സമ്മേളനം നടക്കുന്നതിനിടെ ഓർഡിനൻസ് ഒപ്പിടാൻ ചീഫ് സെക്രട്ടറിയും ധനകാര്യ, നിയമ സെക്രട്ടറിമാരും രാജ്ഭവനിൽ വന്നു.
നിയമസഭ ചേരുന്ന സമയത്ത് ഓർഡിനൻസ് ഒപ്പിടാനാകില്ലെന്ന് അവരോട് പറഞ്ഞു. അത്തരം കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറിയെ അയക്കാം. എന്നാൽ, സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ തേടിയാൽ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും അയക്കാൻ പറ്റില്ല -ഗവർണർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.