ഗവർണർ അനുമതി നൽകി; സജി ചെറിയാന്‍റെ   സ​ത്യപ്രതിജ്ഞ നാളെ

ഗവർണർ അനുമതി നൽകി; സജി ചെറിയാന്‍റെ സ​ത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഒടുവിൽ വീണ്ടും മന്ത്രിയാകാൻ സജി ചെറിയാന് ഗവർണർ അനുമതി നൽകി. ഇതോടെ, സത്യപ്രതിജ്ഞ  ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഗവർണർ നടപടി സ്വീകരിച്ചത്. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോടാണ് ഉപദേശം തേടിയത്. ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്ന് നിയമോപദേശത്തിലുണ്ട്.

സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുന്നത് വരെ ഗവര്‍ണര്‍ക്ക് സമയമെടുക്കാമായിരുന്നു.  ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം.സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ, അറിയിപ്പ് ലഭിച്ചില്ലെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറാണ് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത്. അറിയിപ്പ് ലഭിച്ചാൽ സത്യപ്രതിജ്ഞക്കായി പോകുമെന്നും സജി ചെറിയാൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരി​ക്കുന്നെന്ന്​ മാത്രം -ഗവർണർ

തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിൽ വിയോജിപ്പ്​ പരസ്യമാക്കി ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. സത്യപ്രതിജ്ഞക്ക്​ അനുമതി നൽകിയശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെയാണ്​ ഗവർണർ താൻ എന്തുകൊണ്ട്​ അനുമതി നൽകിയെന്ന കാര്യം വ്യക്തമാക്കിയത്​. ‘ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശിപാർശ താൻ അംഗീകരിച്ചു. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. സജി ചെറിയാൻ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കു’മെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

തന്റെ ആശങ്ക സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗവർണർ, മനസ്സില്ലാമനസ്സോടെയാണ് സജി ചെറിയാനെ മന്ത്രിയാക്കാൻ താൻ സമ്മതിച്ചതെന്ന് പറയുകയാണ്​. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുകയല്ലാതെ തനിക്ക് മറ്റ് വഴിയില്ലെന്ന് കൂടിയാണ് അദ്ദേഹം സർക്കാറിനെ തന്റെ ആശങ്ക അറിയിച്ചതിലൂടെ വ്യക്തമാക്കിയത്​.

സന്തോഷം -സജി ചെറിയാൻ

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമെന്ന് സജി ചെറിയാന്‍. മാറിനിന്ന കാലത്തും പാര്‍ട്ടിയേൽപിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു. ഗവര്‍ണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും രാഷ്ട്രീയനേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ആറുമാസം മന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്നത് സർക്കാറിന്റെയും പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കാനാണ്. തന്റെ പേരിൽ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയിൽ തടസ്സവാദം ഉന്നയിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു.

Tags:    
News Summary - Governor gave permission: Saji Cherianra Oath tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.