കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിക്കാത്തതെന്തെന്ന് ഹൈകോടതി. വൈസ് ചാൻസലർ വേണ്ടെന്നാണോ അഭിപ്രായമെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ ഒളിച്ചുകളി വേണ്ടെന്നും കൂട്ടിച്ചേർത്തു.
ഗവർണറുടെ പ്രീതിയെന്നാൽ നിയമപരവും ഔദ്യോഗികവുമാണ്; വ്യക്തിപരമല്ല. ഗവർണർക്ക് അഹിതമായത് വിളിച്ചു എന്ന പേരിൽ ആരെയും പുറത്താക്കാനാകില്ല. നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിലേ പ്രീതി നഷ്ടമായെന്ന് പറയാനാകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ചാന്‍സലർകൂടിയായ ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്ന നടപടിയാണെന്ന് നിരീക്ഷിച്ച കോടതി, നാലിന് നടക്കുന്ന യോഗത്തിൽ പ്രതിനിധിയെ നിർദേശിക്കാനും സെനറ്റിനോട് ആവശ്യപ്പെട്ടു. ചാൻസലർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളെയും പങ്കെടുപ്പിക്കാമെന്നും കോടതിയുടെ മേൽനോട്ടം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
സർച്ച് സമിതിക്ക് രൂപം നൽകിയ ചാൻസലറുടെ തീരുമാനം പിൻവലിക്കണമെന്ന ആഗസ്റ്റ് 28ലെ സെനറ്റ് യോഗത്തിന്‍റെ ആവശ്യം പുനഃപരിശോധിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാലയുടെ അനുകൂല പ്രതികരണം ഉണ്ടായില്ല. കോടതിയുടെ ചിന്ത വിദ്യാർഥികളെക്കുറിച്ചാണ്. ഇവർ വിദ്യാർഥികൾക്ക് നൽകുന്ന സന്ദേശമെന്താണ്.
കേരളത്തിലെ പ്രധാന സർവകലാശാലയായിട്ട് പോലും വി.സി വേണ്ടെന്നാണ് നിലപാടെങ്കിൽ ആകാം. പ്രശ്ന പരിഹാരത്തിന് കോടതി ശ്രമിക്കുമ്പോൾ ഭരണഘടനയടക്കം മാറ്റുന്നുവെന്ന് പറഞ്ഞ് വിഷയം സങ്കീർണമാക്കാനാണ് സർവകലാശാല ശ്രമം. എല്ലാം വിവാദമാക്കുന്നതെന്തിനാണെന്നും ഈ നാടകം എന്ത് നേടാനാണെന്നും കോടതി ചോദിച്ചു. തുടർന്ന് വിഷയം ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.