ഗോവിന്ദച്ചാമിയുടെ മാഫിയ ബന്ധം അന്വേഷിക്കാൻ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയ ആണെന്ന അഭിഭാഷകൻ ബി.എ. ആളൂരിന്‍റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നാളെ രൂപീ‍കരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ് റ അറിയിച്ചു. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസും മാഫിയ ബന്ധവും അന്വേഷിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

മുംബൈ പനവേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വക്കാലത്ത് തന്നെ ഏല്‍പിച്ചതും ഫീസ് തന്നതുമെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍ എ.ബി ആളൂർ പറഞ്ഞതായി ഒരു മലയാളം വാര്‍ത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു‍. ഇത് ഒരു മയക്കുമരുന്ന് സംഘമാണെന്നും ഗോവിന്ദച്ചാമിയുടെ പിന്നില്‍ ഇവരാണെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.

ട്രെയിനില്‍ മോഷണവും ലഹരി മരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി. ഈ  സംഘത്തിന്‍െറ പല കേസുകളും മുമ്പും ഇപ്പോഴും താന്‍ നടത്തിയിട്ടുണ്ട്. സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നത് കെട്ടിച്ചമച്ചതാണെന്നും മോഷണം മാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹരജി പരിഗണിക്കുമ്പോള്‍ കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണ് ആളൂരിന്‍റേതെന്നാണ് സൗമ്യയുടെ മാതാവ് സുമതിയുടെ പ്രതികരണം.

Tags:    
News Summary - govindachamy soumya murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.