തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് 3600 കോടി രൂപ വായ്പയെടുക്കുന്നതിന് സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഹഡ്കോയിൽ നിന്നാകും വായ്പ. വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡിനാണ് അനുമതി.
കെ.എസ്.ഇ.ബിയുടെ കേരള ഗ്രീൻ എനർജി കോറിഡോർ പദ്ധതി നടപ്പാക്കാൻ വിദേശ വായ്പക്ക് അനുമതി നൽകി. ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിൽ നിന്നാകും വായ്പയെടുക്കുക. ഇതിന് സംസ്ഥാന സർക്കാർ, കെ.എസ്.ഇ.ബി, കെ.എഫ്.ഡബ്ല്യു എന്നിവർ ചേർന്ന് പ്രൊജക്ട് എഗ്രിമെന്റ് ഒപ്പുവെക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി.
പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നൽകുന്നതിന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ രണ്ടു കോടി രൂപ വിനിയോഗിക്കാൻ തീരുമാനിച്ചു. മരിച്ച 109 പേരുടെ ആശ്രിതർക്ക് ലക്ഷം രൂപവീതം നൽകും. ഗുരുതര പരിക്കേറ്റ 209 പേർക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേർക്ക് 14,000 രൂപയുമാണ് നൽകുക.
ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ബാച്ചിൽ ഒമ്പത് തസ്തിക സൃഷ്ടിക്കും.
സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച മെയിന്റനൻസ് ട്രൈബ്യൂണലുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 25 ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ സേവനം ഒരു വർഷത്തേക്കുകൂടി നീട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.