സര്‍ക്കാറിന് 5.90 കോടി അധിക ബാധ്യത

തൃശൂര്‍: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളിലേക്ക് മാറ്റിയതിലൂടെ സര്‍ക്കാറിന് 5.90 കോടി രൂപയുടെ അധിക ബാധ്യത. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ 5.90 കോടി രൂപ അധിക ചെലവ് വന്നുവെന്നാണ് ധനകാര്യ വകുപ്പിന്‍െറ കണക്ക്.

ഇടത് സര്‍ക്കാറിന്‍െറ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന പദ്ധതി ഖജനാവിന് വരുത്തിവെച്ച ദുരന്തം ധനകാര്യ സ്പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശാണ് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയത്.

കോര്‍പറേഷന്‍ തലത്തില്‍ 14.97 ലക്ഷം,  നഗരസഭാതലത്തില്‍ 5.05 ലക്ഷം പഞ്ചായത്ത് തലത്തില്‍ 70.30 ലക്ഷം രൂപ വീതമാണ് അധിക ചെലവ് വന്നത്. നേരത്തേ, പോസ്റ്റ് ഓഫിസും ബാങ്കും വഴിയായിരുന്ന അഞ്ചിനം ക്ഷേമപെന്‍ഷനുകളാണ് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഇടത് സര്‍ക്കാര്‍ സഹകരണ സംഘങ്ങളും ബാങ്കുകളും വഴിയാക്കിയത്. കുടിശ്ശിക ഉള്‍പ്പെടെ കഴിഞ്ഞ ഓണത്തിന് സഹകരണ ബാങ്കുകളിലൂടെ പെന്‍ഷന്‍കാരുടെ കൈയില്‍ തുക നേരിട്ടത്തെിച്ചു. 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3,000 കോടിയോളം രൂപയാണ് ഓണക്കാലത്ത് സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്തത്. 

ഒരു പെന്‍ഷന്‍കാരന് തുക നേരിട്ട് എത്തിക്കാന്‍ 50 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പോസ്റ്റ് ഓഫിസുകളിലൂടെ വിതരണം ചെയ്തപ്പോള്‍ മണിയോര്‍ഡര്‍ കമീഷന്‍ ഇനത്തില്‍ വന്‍ തുക കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിരുന്നു. പെന്‍ഷന്‍ വിതരണം ഇതര ബാങ്കുകളിലൂടെ ആക്കിയപ്പോഴും സര്‍ക്കാറിന് ഈ അധിക ബാധ്യത ഇല്ലായിരുന്നു. വിവിധ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.ടി സെല്‍ തയാറാക്കുന്ന ഗുണഭോക്താക്കളുടെ പട്ടികയുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സംവിധാനം ചെയ്ത സോഫ്റ്റ്വെയര്‍ മുഖേനയായിരുന്നു പെന്‍ഷന്‍ വിതരണം.

ഡി.ബി.ടി സെല്ലിന്‍െറ എസ്.ബി.ടി അക്കൗണ്ടിലുള്ള പണം ആര്‍.ടി.ജി.എസ് വഴി ജില്ല ബാങ്കുകളുടെ അക്കൗണ്ടിലേക്കും അവിടെനിന്ന് പ്രാഥമിക സംഘം/ബാങ്കിന്‍െറ അക്കൗണ്ടിലേക്കും എത്തും. അവര്‍ നിയോഗിക്കുന്നവര്‍ വീടുകളില്‍ നേരിട്ട് എത്തിക്കും. ജില്ല ബാങ്കുകള്‍ നോഡല്‍ ഓഫിസര്‍മാരെയും തുക വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങളും ബാങ്കുകളും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ട് നോഡല്‍ ഓഫിസര്‍മാരെ വീതവും  പെന്‍ഷന്‍ വിതരണത്തിന് നിയോഗിച്ചിരുന്നു. പദ്ധതിയുടെ മോണിറ്ററിങ്ങിനായി സംസ്ഥാന/ ജില്ല/ താലൂക്ക്/ സംഘം തലത്തില്‍ മോണിറ്ററിങ് കമ്മിറ്റികളും രൂപവത്കരിച്ചു.  സംശയ നിവാരണത്തിന് ഹെല്‍പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചെലവുകളെല്ലാം ഉള്‍പ്പെടുത്തിയതാണ് അധിക ബാധ്യത.

 

Tags:    
News Summary - govt has 5.9 crore more debit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.