തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ വർധിപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ചർച്ചയിൽ ധാരണ. വനിത ഡോക്ടറെ രോഗിയുടെ ഭർത്താവ് കൈയേറ്റം ചെയ്ത സംഭവത്തിൽ പി.ജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു യോഗം.
മെഡിക്കൽ കോളജിനുള്ളിൽ എസ്.എ.ടിയുടെ ഭാഗത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. നിലവിൽ എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം.
146 ഏക്കറോളം വരുന്ന കാമ്പസിന്റെ സുരക്ഷക്ക് ഭാവിയിൽ സി.ആർ.പി.എഫ് പോലുള്ള സേനവിഭാഗത്തെ നിയോഗിക്കുന്നതും ആലോചിക്കും. വനിത ഡോക്ടർക്കെതിരെ അതിക്രമമുണ്ടായ സംഭവത്തിൽ സുരക്ഷ ജീവനക്കാർക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ സുരക്ഷ ഏജൻസിക്ക് നോട്ടീസ് നൽകും. മെഡിക്കൽ കോളജിൽ സി.സി.ടി.വി കാമറ വർധിപ്പിക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ട്. നാല് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കും.
ആരോഗ്യപ്രവർത്തകർക്കുനേരെ അതിക്രമങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ മാർഗരേഖ നിലവിലില്ല. ഇത് അടിയന്തരമായി തയാറാക്കണമെന്ന് പി.ജി അസോസിയേഷൻ ആവശ്യപ്പെട്ടു.
മരണമടക്കം രോഗിയുടെ ബന്ധുക്കളെ അറിയിക്കുന്നതിന് ഐ.സി.യുവുകൾക്ക് അനുബന്ധമായി സി.സി.ടി.വികൾ ഉൾപ്പെടുന്ന കൺസോൾ റൂമുകൾ സ്ഥാപിക്കണം. മരണം അറിയിക്കുന്ന ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളിലേതുപോലെ പി.ആർ.ഒമാരുടെ സാന്നിധ്യം വേണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.