കൊച്ചി: സംസ്ഥാനത്ത് ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഗ്രാഫീന് നിക്ഷേപക സംഗമം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ വ്യവസായനയത്തിൽ ഇത്തരം നൂതന സങ്കേതങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കേരളത്തിന്റെ ഗ്രാഫീന് നയത്തെപ്പറ്റിയും ഗ്രാഫീനുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെയും ഗവേഷണ-വികസന സ്ഥാപനങ്ങളുടെയും സാധ്യതകളെപ്പറ്റിയും വിശദീകരിക്കുന്നതിനാണ് കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.
ടാറ്റ സ്റ്റീൽ വ്യവസായിക പങ്കാളിയായും സി-മെറ്റ്, ഡിജിറ്റൽ യൂനിവേഴ്സിറ്റി എന്നിവ നടപ്പാക്കല്‍ ഏജൻസികളുമായി കേരള സർക്കാറും ഐ.ടി മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന 'ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (ഐ.ഐ.സി.ജി) ഗ്രാഫീനിന്റെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന വിജ്ഞാന കേന്ദ്രമാക്കും.
കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് ആദ്യഗഡുവായി സംസ്ഥാന സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, ഡിജിറ്റല്‍ സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോര്‍, ഡിജിറ്റല്‍ സർവകലാശാല പ്രഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്സ് ജയിംസ് എന്നിവര്‍ സംസാരിച്ചു.
ഉയർന്ന ടെൻസെൽ ശക്തി, വൈദ്യുതിചാലകത, സുതാര്യത, ഏറ്റവും കനം കുറഞ്ഞ ദ്വിമാന പദാർഥം എന്നീ സവിശേഷതകളുള്ള കാര്‍ബണിന്റെ മറ്റൊരു രൂപമാണ് ഗ്രാഫീൻ.
മൂല്യവത്തായതും ഉപയോഗപ്രദവുമായ ഒരു നാനോ പദാര്‍ഥമായി ഇതിനെ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഹൈഡ്രജൻ, ഹീലിയം, ഓക്സിജൻ എന്നിവക്ക് ശേഷം മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ പിണ്ഡവും പ്രപഞ്ചത്തിൽ ഏറ്റവും സമൃദ്ധമായ നാലാമത്തെ മൂലകവുമാണ് കാർബൺ.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും രാസഅടിസ്ഥാനം കാർബണായതിനാല് ഗ്രാഫീന് ഉയര്‍ത്തുന്ന സാധ്യതകള്‍ വളരെ വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.