പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ജനുവരി ഒന്നുമുതല്‍

തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി (ഗ്രീന്‍ ടാക്സ്) ജനുവരി ഒന്നുമുതല്‍ നടപ്പാക്കുന്നു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. എന്നാല്‍ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ളതുമായ വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് 400 രൂപയാണ് ഹരിത നികുതി. അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ജനുവരി മുതല്‍ ഹരിത നികുതി അടയ്ക്കാതെ വാഹനങ്ങള്‍ക്ക് ഒരു സേവനവും ചെയ്തുകൊടുക്കില്ല. 

ഹരിത നികുതിയില്‍നിന്ന് മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോകളെയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ (ജി.ഫോം) ചൊവ്വാഴ്ച മുതല്‍ മുന്‍കൂറായി സമര്‍പ്പിക്കണം. ഇത്തരം അപേക്ഷകള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നികുതി ഒഴിവാക്കുന്നിന് ഇതിനുള്ള കാലാവധി ആരംഭിച്ച് ഏഴു ദിവസത്തിനകം അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതി. ഇനി മുതല്‍ നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി ആരംഭിക്കുന്നതിനുമുമ്പ് 30 ദിവസത്തിനകം അപേക്ഷ ഫീസടച്ച് ഓഫിസില്‍ സമര്‍പ്പിക്കണം. ഇതനുസരിച്ച് ജനുവരി ഒന്നുമുതല്‍ നികുതി ഒഴിവാക്കി കിട്ടണമെങ്കില്‍ ഡിസംബര്‍ 31നകം ഓഫിസില്‍ ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കണം. ഇതിനുള്ള അപേക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ വെബ്സൈറ്റില്‍ (mvd.kerala.gov.in) ലഭ്യമാണ്. മോട്ടോര്‍ സൈക്കിള്‍ മുച്ചക്ര വാഹനങ്ങള്‍ എന്നീ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 50 രൂപയും മോട്ടോര്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോട്ടോര്‍ സൈക്കിള്‍ മുച്ചക്ര വാഹനങ്ങള്‍ (ഓട്ടോ) എന്നിവക്കും 100 രൂപയും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ലൈറ്റ് വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഓരോ അപേക്ഷക്കുമുള്ള ഫീസ്. അപേക്ഷകര്‍ക്ക് ഒരു മാസത്തേക്കോ ഒരു ക്വാര്‍ട്ടറിലെ അടുത്ത രണ്ടു മാസത്തേക്കോ ഒരു ക്വാര്‍ട്ടറിലേക്കോ ക്വാര്‍ട്ടറിന്‍െറ ആരംഭം മുതല്‍ ഒരു വര്‍ഷത്തേക്കോ ജി.ഫോം ഫയല്‍ ചെയ്യാം.

Tags:    
News Summary - green tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.