പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് പാത കടന്ന് പോകുന്ന കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകളിലെ അതിർത്തിയിലെ വാക്കോടൻ മലയുടെ താഴ്‌വാരം

ഗ്രീൻഫീൽഡ് പാത: സ്ഥല കൈമാറ്റം രണ്ട് മാസത്തിനകം പൂർത്തിയാക്കും

കല്ലടിക്കോട് (പാലക്കാട്) : പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് വേണ്ടി ഭൂവുടമകളുടെ സ്ഥലം കൈമാറ്റം രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതകർ വ്യക്തമാക്കി. സർവെ മുതൽ മൂല്യനിർണയം വരെയുള്ള അഞ്ച് ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായ വില്ലേജുകളിലാണ് ആദ്യം നഷ്ടപരിഹാരമെത്തുക.

ഈ പ്രക്രിയക്ക് മുന്നോടിയായി വിശദ മൂല്യനിർണയ പത്രിക ഓരോ ഉടമകൾക്കും വരും ദിവസങ്ങളിൽ നൽകി തുടങ്ങും. പത്രിക ലഭിച്ച രണ്ട് മാസത്തിനകം സ്ഥലം ഉടമ ദേശീയപാത അതോറിറ്റിക്ക് (എൻ.എച്ച്.എ.ഐ)ക്ക് കൈമാറണം. ഇതോടെയാവും നഷ്ടപരിഹാരം ഉടമക്ക് ബാങ്ക് അക്കൗണ്ടുകളിലെത്തുക.

ഭൂമി സ്ഥിതി ചെയ്യുന്ന ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചാണ് വില നിർണയം പൂർത്തിയാക്കിയത്. നിർമിതികൾക്ക് കാലപഴക്കം ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് തേയ്മാന ചെലവ് കണക്കാക്കാതെയാണ് മൂല്യനിർണയം. ഭൂമിയുടെ വില നിർണയം പൊതുനിരത്തുകളുടെ സാന്നിധ്യം പരിഗണിച്ചാണ് നിജപ്പെടുത്തിയത്. കൃഷിയോഗ്യമായ ഭൂമിക്കും പുരയിടത്തിനും പ്രത്യേകം പ്രത്യേകം വിലനിർണയിച്ചിട്ടുണ്ട്.

പ്രാരംഭ ഘട്ടമെന്ന നിലയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ വില്ലേജുകളിലാണ് പത്രിക കൈമാറ്റം. ഇവയിൽ കരിമ്പ ഒന്ന്, രണ്ട്, തച്ചമ്പാറ, മരുത റോഡ് വില്ലേജുകളിലെ ഏകദേശം ആയിരത്തിൽപരം ഗുണഭോക്താക്കളായ ഭൂവുടമകൾ ഉൾപ്പെടുമെന്ന് ദേശീയ പാത സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു.

ഗ്രീൻഫീൽഡ് ഹൈവെക്ക് സ്ഥലമെടുപ്പിന് പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ സർവെ നടപടികൾ വൈകിയത് ആവശ്യത്തിന് ജീവനക്കാരുടെ അഭാവമാണ്. ഇതിനകം നഷ്ടപരിഹാരം തീരെ കിട്ടില്ലെന്ന ആധിമൂലം രണ്ട് ഭൂവുടമകൾ രണ്ടിടങ്ങളിൽ ആത്മഹത്യ ചെയ്തു. ജോലിയുടെ പിരിമുറക്കത്തിനിടയിൽ ഒരു റവന്യു ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉൾനാടൻ ഹരിത മേഖല വഴിയാണ് പരമാവധി 100 കിലോമീറ്റർ വേഗതയിൽ ഭീമൻ ചരക്കു വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ഗ്രീൻ ഫീൽഡ് പാത ഒരുങ്ങുക. പട്ടണപ്രദേശങ്ങളെ ഒഴിവാക്കി കുരുക്കും വളവുമില്ലാത്ത ഹരിതപാത വടക്കൻ മലബാറിന്റെ വ്യവസായിക ചരിത്രത്തിൽ സുപ്രധാനമായ നാഴികകല്ലാവും. പാലക്കാട് ജില്ലയിലെ മരുതറോഡ് മുതൽ എടത്തനാട്ടുകര വരെയുള്ള 22 വില്ലേജുകളിലെ ഗ്രാമീണ മേഖല സ്പർശിച്ചാണ് പാത കടന്ന് പോവുക.

121.006 കിലോമീറ്ററാണ് പാതയുടെ ആകെ ദൈർഘ്യം. 61.44 കിലോമീറ്റർ ദൈർഘ്യമാണ് പാലക്കാട് ജില്ലയിലുണ്ടാവുക. ദേശീയപാതയിലെ മരുതറോഡ് മുതൽ കോഴിക്കോട് ദേശീയപാത 66 ലെ പന്തീരങ്കാവിലാണ് റോഡ് ചെന്നെത്തുക. ഒരു വർഷം മുൻപാണ് പാലക്കാട് ജില്ലയിൽ സംയുക്ത സർവെ നടപടി തുടങ്ങിയത്. 

Tags:    
News Summary - Greenfield route: Land transfer will be completed within two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.