വാളയാർ: ദേശീയപാത 544ൽ മരുത റോഡ് പെട്രോൾ പമ്പിന് സമീപം പൊലീസ് വേഷത്തിലെത്തിയ ആറംഗ സംഘം വ്യവസായികളെ മർദിച്ച് കാർ തട്ടിയെടുത്തു. കോഴിക്കോട് പയ്യോളി വലിയമുറ്റത്ത് മുനീർ (46), പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപം ചിറയിൽ നവനീത് (27) എന്നിവർക്കാണ് മർദനമേറ്റത്.
വടികൊണ്ടുള്ള അടിയേറ്റ് നവനീതിെൻറ കൈക്ക് പൊട്ടലുണ്ട്. തലയുടെ മുറിവിൽ ആറ് സ്റ്റിച്ചുണ്ട്. മുനീറിെൻറ പുറത്തും സാരമായ പരിക്കുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്ച രാത്രി 11.50നാണ് സംഭവം. നല്ലേപ്പിള്ളിയിൽ യുനൈറ്റഡ് പോളിമേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് മുനീർ. ബിസിനസ് പങ്കാളിയാണ് നവനീത്. തിരുപ്പൂരിലേക്ക് വ്യാപാരാവശ്യാർഥം ബുധനാഴ്ച വൈകീട്ടാണ് ഇരുവരും പോയത്.
തിരിച്ചുവരുന്നതിനിടെ മരുത റോഡിലാണ് സംഭവം. മെറൂൺ കളർ ടാറ്റാ സുമോയിലും വെള്ള നിറത്തിലുള്ള മറ്റൊരു വാഹനത്തിലുമെത്തിയ ആറുപേരാണ് ആക്രമണം നടത്തിയതെന്ന് മുനീർ കസബ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് വേഷധാരികളായ രണ്ടുപേരെത്തി ഗ്ലാസിൽ ഇടിച്ച് തുറക്കാൻ ആംഗ്യം കാട്ടി.
ഗ്ലാസ് ഉയർത്തിയപ്പോൾ താക്കോൽ ഉൗരിയെടുത്തു. പിന്നാലെ വന്ന നാലുപേർ വടികൊണ്ട് മർദനം തുടങ്ങി. പിന്നീട് കാറുമായി കടന്നു. മൈസൂരുവിലെ പ്ലാസ്റ്റിക്ക് കുപ്പി നിർമാണ ഫാക്ടറിയിലെ പങ്കാളികളാണ് നവനീതും മുനീറും. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.