കൊച്ചി: മഴയും കാറ്റും ജീന ബേസിലിന് പേടിയായിരുന്നു. ജലാശയത്തിന് തൊട്ടരികിൽ സുരക്ഷിതമല്ലാത്ത വീട്ടിൽ ചെലവഴിച്ച കുട്ടിക്കാലം. അവിടെ നിന്നാണ് നിലവാരം തീരെ കുറഞ്ഞൊരു പോളുമായി കേരള ഇസിൻബയേവയെന്ന സ്വപ്നത്തിലേക്ക് ജീന ചാട്ടം തുടങ്ങിയത്. കുറച്ചുവർഷങ്ങളായി സ്കൂൾ കായികമേളയിൽ ഈ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസ് വിദ്യാർഥിനിക്ക് എതിരാളികളില്ല.
ഇന്നലെ മഹാരാജാസ് മുറ്റത്ത് ചാടിയിറങ്ങിയത് അഞ്ചാമത്തെ സംസ്ഥാന സ്കൂൾ കായികമേള സ്വർണത്തിലേക്ക്, അതും റെക്കോഡോടെ. കഴിഞ്ഞ നാല് തവണ ജൂനിയർ വിഭാഗത്തിലായിരുന്നെങ്കിൽ ഇക്കുറി സീനിയറിലാണ് പ്ലസ്ടുക്കാരി മത്സരിച്ചത്. സീനിയർ ഗേൾസ് പോൾവോൾട്ടിൽ 3.43 മീറ്റർ ചാടി റെക്കോഡ് കുറിച്ചു ജീന. 2014ൽ മരിയ ജെയ്സൻ ചാടിയ 3.42 മീറ്ററാണ് മറികടന്നത്.
മിക്ക കായിക താരങ്ങളെയും പോലെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമാണ് ജീനയുടെതും. മഴപെയ്താൽ വെള്ളം ഇരച്ചെത്തുന്ന വീട്ടിൽ നിന്ന് മാറി ബന്ധുവീട്ടിലാണ് ഇപ്പോൾ താമസം. നാട്ടുകാർ പിരിവെടുത്താണ് പോൾ വാങ്ങിക്കൊടുത്തത്. കോതമംഗലം ഊന്നുകൽ പുതുപ്പാടിയിൽ ബേസിൽ-മഞ്ജു ദമ്പതികളുടെ മകളാണ് ജീന.
സംസ്ഥാന സ്കൂൾ കായികമേള ജൂനിയർ വിഭാഗത്തിൽ 3.10 മീറ്റർ ചാടിയായിരുന്നു സ്വർണത്തുടക്കം. ഓരോ വർഷവും പ്രകടനം മെച്ചപ്പെടുത്തി അവസാന സ്കൂൾ മീറ്റിൽ റെക്കോഡും നേടി ജീന. മോശം കാലാവസ്ഥയിലാണ് മത്സരം നടന്നത്. 3.50 മീറ്ററിന് ശ്രമിച്ചെങ്കിലും മഴയും കാറ്റും വില്ലനായെന്ന് ജീന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.