ന്യൂഡൽഹി: കേരളത്തിലെ ഡി.സി.സി പ്രസിഡൻറ് നിയമനത്തിൽ ഗ്രൂപ് ക്വോട്ട നടപ്പില്ലെന്ന് ആവർത്തിച്ചുകൊണ്ട്, ഉടക്കിനിൽക്കുന്ന പ്രമുഖ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ മെരുക്കാൻ ഹൈകമാൻഡ് അനുനയ സംഭാഷണത്തിൽ.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കളത്തിൽ. ഓണത്തിന് ശേഷം പട്ടിക പുറത്തിറക്കുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.
തങ്ങളെ അവഗണിച്ചു മുന്നോട്ടുപോകാൻ പറ്റില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയൂം തുടരുന്നത്. ഗ്രൂപ് ക്വോട്ട പ്രകാരം ഭാരവാഹിത്വം കിട്ടില്ലെന്നുവന്നാൽ അവർക്കൊപ്പമുള്ളവർ തനിയെ വഴിക്കുവരുമെന്നാണ് കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവർ നയിക്കുന്ന പുതിയ നേതൃത്വത്തിെൻറ പക്ഷം.
ഗ്രൂപ് നേതാക്കളുടെ താൽപര്യങ്ങൾക്കപ്പുറം, പുതുതായി നിയോഗിച്ച നേതൃനിരക്ക് പറ്റിയ ടീമാണ് ഇനി സംസ്ഥാനത്ത് ഉണ്ടാകേണ്ടതെന്ന് ഹൈകമാൻഡും കരുതുന്നു. ഡി.സി.സി പ്രസിഡൻറ് പട്ടികയുടെ കാര്യത്തിൽ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവർ ചേർന്നാണ് ചുരുക്കപ്പട്ടിക താരിഖ് അൻവറിന് കൈമാറിയത്.
ഈ പുതിയ നേതൃത്വം ഒന്നിച്ചുനിന്ന് നൽകിയ പട്ടിക പൊളിച്ച് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിർദേശിക്കുന്ന പുതിയ പേരുകൾ കൂട്ടിച്ചേർക്കാൻ പറ്റില്ലെന്ന നിലപാടാണ് ഹൈകമാൻഡിന്. അത് പട്ടിക നൽകിയ അഞ്ചുപേരെയും അവഹേളിക്കുന്നതിനു തുല്യമാണ്.
അതുകൊണ്ട് പട്ടികയിലുള്ള പേരുകൾ മുൻനിർത്തി ചർച്ചയാകാം. ഇതോടെയാണ് ഗ്രൂപ് നേതാക്കൾ പൊട്ടിത്തെറിച്ച് സോണിയക്ക് കത്തെഴുതിയത്. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതും മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരനെ കെ.പി.സി.സി പ്രസിഡൻറാക്കിയതും ഗ്രൂപ് സമ്മർദങ്ങൾ അവഗണിച്ചാണെന്നിരിക്കേ, ഡി.സി.സി പ്രസിഡൻറ് നിയമനങ്ങളിലും അതേ നിലപാട് തന്നെയാണ് ഉള്ളതെന്ന് ഹൈകമാൻഡ് പ്രതിനിധികൾ കേരളത്തിലെ പുതിയ നേതാക്കളോട് ഡൽഹി ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു. ചുരുക്കപ്പട്ടിക നൽകുന്നതിനുമുമ്പ് പുതിയ നേതൃത്വം ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും അഭിപ്രായം തേടിയില്ലെന്ന ആരോപണം ശരിയാണെന്ന് ഹൈകമാൻഡ് കരുതുന്നുമില്ല.
പരിഗണിക്കേണ്ടവരുടെ പട്ടിക എഴുതിനൽകാൻ ഇരുവരോടും പുതിയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് വൈകിയപ്പോൾ, നേരത്തേ നടന്ന കൂടിയാലോചനയിൽ ഉയർന്ന പേരുകൾ കൂടി അടിസ്ഥാനപ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക ഡൽഹിയിലെത്തിയ നേതൃസംഘം കൈമാറുകയായിരുന്നു.
അത് ഗ്രൂപ് നേതാക്കൾ പ്രതീക്ഷിച്ചതിന് അപ്പുറമായി. പുതിയ നേതൃത്വത്തിെൻറ താൽപര്യമാണ് മേൽകൈ നേടിയതെന്നാണ് അവരുടെ കുറ്റപ്പെടുത്തൽ. അതേസമയം, ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മർദങ്ങൾക്കൊത്ത് നിലപാടെടുക്കേണ്ടിവന്ന മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ വഴങ്ങിനിൽക്കാൻ സുധാകരൻ തയാറല്ല. ചുരുക്കപ്പട്ടികയിലേക്ക് പേരുനൽകാൻ വൈകിച്ചത് ബോധപൂർവമാണെന്ന് പുതിയ നേതൃത്വം കരുതുന്നു. ആഗസ്റ്റ് 15ന് മുമ്പ് ചുരുക്കപ്പട്ടിക നൽകാൻ ഹൈകമാൻഡ് നിർദേശിച്ചിരുന്നു. പക്ഷേ, ഗ്രൂപ് നേതാക്കൾ സഹകരിച്ചില്ല. ഗ്രൂപ് നേതാക്കളില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ലെന്നു വരുത്താനുള്ള ഈ ശ്രമം അട്ടിമറിക്കാനാണ് പുതിയ നേതാക്കൾ ഒരുമിച്ചെത്തി പട്ടിക നേതൃത്വത്തിന് നൽകിയത്. ഇനിയിപ്പോൾ അതു പൊളിക്കാൻ പറ്റാത്ത കെണിയിലാണ് ഗ്രൂപ് മാനേജർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.