നെടുമ്പാശ്ശേരി: ഇക്കുറി ഹജ്ജിനെത്തുന്നത് കാൽലക്ഷത്തോളം മലയാളികൾ. ആദ്യമായാണ് ഇത്രയേറെ മലയാളികൾക്ക് ഒരുമിച്ച് ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുന്നത്. നെടുമ്പാശ്ശേരിവഴി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 11,845 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒഴിവുവരുന്നതിനനുസരിച്ച് ഈ എണ്ണത്തിൽ ഇനിയും വർധനയുണ്ടായേക്കും. ഒമ്പതിനായിരം മലയാളികൾ സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയും നാലായിരത്തോളം പ്രവാസി മലയാളികൾ വിവിധ രാജ്യങ്ങളിൽനിന്ന് പുണ്യനഗരിയിലെത്തും. ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി കൂടുതൽ തീർഥാടകരുള്ളതും കേരളത്തിൽ നിന്നാണ്. ഏഴുവർഷവും അതിൽ കൂടുതലും വർഷം ഹജ്ജ് സർവിസ് നടത്തിയ ഗ്രൂപ്പുകളെ ഒന്നാം കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ 40 ഹജ്ജ് ഗ്രൂപ്പുകളാണ് ഈ കാറ്റഗറിയിലുള്ളത്. കൂടാതെ, 362 ഗ്രൂപ്പുകൾ രണ്ടാം കാറ്റഗറിയിലുമുണ്ട്. സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയുള്ളവർ അഞ്ച് ശതമാനം ജി.എസ്.ടിയും നൽകണം.
സൗദി സർക്കാർ ഇക്കുറി ഇന്ത്യക്ക് 1,75,000 സീറ്റാണ് അനുവദിച്ചത്. ഓരോ സംസ്ഥാനെത്തയും മുസ്ലിം ജനസംഖ്യ കണക്കാക്കിയാണ് ഇത് സംസ്ഥാനങ്ങൾക്ക് വീതിക്കുന്നത്. ഇതനുസരിച്ച് കേരളത്തിന് 5633 പേർക്കുള്ള അർഹതയേ യഥാർഥത്തിലുള്ളൂ. എന്നാൽ, അഞ്ചുവർഷമായി തുടർച്ചയായി അപേക്ഷ നൽകിയ എല്ലാവർക്കും ഒന്നാം കാറ്റഗറിയിലുൾപ്പെടുത്തി യാത്രാനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറാവുകയായിരുന്നു.
മടങ്ങിയെത്തുന്ന ഹാജിമാർക്ക് രാജ്യാന്തര ടെർമിനലിൽ പ്രത്യേക സംവിധാനം നെടുമ്പാശ്ശേരി: ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നവർക്കായി ഇക്കുറി പുതിയ രാജ്യാന്തര ടെർമിനലിൽ പ്രത്യേക സംവിധാനം സജ്ജമാക്കും. കഴിഞ്ഞ തവണ ഇപ്പോഴത്തെ മെയിൻറനൻസ് ഹാംഗറിലാണ് പ്രത്യേക ടെർമിനൽ സജ്ജമാക്കിയിരുന്നത്. പുതിയ ടെർമിനലിൽ വന്നിറങ്ങുന്നവർക്ക് അവിടെെവച്ചുതന്നെ സംസം വിതരണം ചെയ്യും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര. മദീന വിമാനത്താവളത്തിൽനിന്നായിരിക്കും ഹാജിമാരുടെ മടക്കയാത്ര.
ദ്വീപുകാർ ഇന്ന് ക്യാമ്പിലെത്തും നെടുമ്പാശ്ശേരി: ലക്ഷദ്വീപിൽനിന്നുള്ള തീർഥാടകർ ശനിയാഴ്ച ഹജ്ജ് ക്യാമ്പിലെത്തും. 305 പേരംഗ സംഘം ഞായറാഴ്ച പുറപ്പെടും. ഇതിൽ 141 പേർ വനികതളാണ്. ദ്വീപുകാർ എല്ലാവരും കൊച്ചി പനമ്പിള്ളി നഗറിലെ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെ 5.45നുള്ള ആദ്യ വിമാനത്തിൽ 300പേരും 10.45നുള്ള രണ്ടാം വിമാനത്തിൽ ബാക്കിയുള്ളവരും പുറപ്പെടും. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസി എന്നിവരുടെ േനതൃത്വത്തിൽ ഇവർക്ക് യാത്രയയപ്പ് നൽകും. ഇത്തവണ ക്യാമ്പ് തുടങ്ങിയശേഷം നടന്ന ആദ്യ ജുമുഅ നമസ്കാരത്തിന് വൻ തിരക്കായിരുന്നു. നമസ്കാരാനന്തരം എം.എൽ.എ മാരായ ടി.വി. ഇബ്രാഹിം, കാരാട്ട് റസാഖ് എന്നിവർ സംസാരിച്ചു. വൈകീട്ട് മന്ത്രി കെ.ടി. ജലീലും ക്യാമ്പിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.