ഹജ്ജ്: നറുക്കെടുപ്പ് ഇന്ന്

കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ കേരളത്തിൽനിന്നുള്ള തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചക്ക് 12ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷം ലഭിച്ച 10,565 അപേക്ഷകളിൽ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വോട്ടയായ 5747 സീറ്റിലേക്കാണ് നറുക്കെടുപ്പ്.

ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ കാത്തിരിപ്പ് പട്ടികയിലുൾപ്പെടുത്തി പിന്നീട് വരുന്ന ഒഴിവിലേക്ക് പരിഗണിക്കും. നറുക്കെടുപ്പിനു ശേഷം കവർഹെഡിന്‍റെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കും. കൂടാതെ, ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ പാസ്പോർട്ട് നമ്പർ നൽകിയാലും നറുക്കെടുപ്പ് വിവരം അറിയാം.

കേരളത്തിൽനിന്ന് 12,806 അപേക്ഷകരാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സൗദി അറേബ്യ ഹജ്ജിന് 65 വയസ്സ് എന്ന പ്രായപരിധി ഏർപ്പെടുത്തിയതോടെ രണ്ടായിരത്തോളം പേർ അയോഗ്യരായി. ഹജ്ജ് കമ്മിറ്റി വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും 250 പേർ മാത്രമാണ് പുതുതായി നൽകിയത്.

ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വിവരങ്ങൾക്ക്: 04832710717, 0483 2717572.

Tags:    
News Summary - Hajj 2022 draw today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.