കോഴിക്കോട്: അടച്ച സംഖ്യ തിരിച്ചുകിട്ടാൻ അപേക്ഷ സമർപ്പിക്കുന്നതിന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആശങ്ക. യാത്ര റദ്ദാക്കുന്നതായി കാണിച്ച് അപേക്ഷ നൽകിയാൽ അടുത്തവർഷത്തെ ഹജ്ജിന് മുൻഗണന ലഭിക്കുന്നതിന് തടസ്സമാവുേമാ എന്നതാണ് ഇവരെ ആശങ്കയിലാക്കുന്നത്. സൗദി ഹജ്ജ് മന്ത്രാലയം ഈ വർഷത്തെ ഹജ്ജ് നടപടികൾ നിർത്തിവെച്ച സാഹചര്യത്തിൽ യാത്ര റദ്ദാക്കുന്ന അപേക്ഷകർക്ക് അടച്ച മുഴുവൻ തുകയും തിരിച്ചുനൽകാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരുന്നു.
യാത്ര റദ്ദാക്കുന്നതായി കാണിച്ച് അപേക്ഷ നൽകുന്നവർക്കാണ് പണം തിരിച്ചുനൽകുകയെന്ന് ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. മഖ്സൂദ് അഹമ്മദ് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
കോവിഡ് പടരുന്ന സാഹചര്യത്തിൽ ഹജ്ജ് ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മാർച്ച് 13ന് സൗദി ഹജ്ജ് മന്ത്രാലയം കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിരുന്നു. നിരന്തരം എഴുത്തുകുത്തുകൾ നടത്തിയെങ്കിലും പിന്നീട് അവിടെനിന്ന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിക്കുന്നത്.
ഇന്ത്യയിൽനിന്ന് ഈ വർഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടത് രണ്ടുലക്ഷത്തോളം പേരാണ്. ഇതിൽ കേരളത്തിൽനിന്ന് തിരഞ്ഞെടുത്തത് 11,000 പേരെയാണ്. ഇവർക്ക് അടുത്തതവണ ഹജ്ജിന് അവസരം നൽകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വിദേശകാര്യ മന്ത്രാലയത്തോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും അഭ്യർഥിച്ചിരുന്നു. എന്നാൽ, മുഴുവൻ പേർക്കും അവസരം നൽകുന്നതിൽ ഒട്ടേറെ പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് അറിയുന്നത്. നയപരമായി തീരുമാനമെടുക്കേണ്ട കാര്യമായതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് ഡോ. മഖ്സൂദ് അഹമ്മദ് പറഞ്ഞു. കോവിഡ് ഘട്ടത്തിൽ പണം തിരിച്ചുകിട്ടാൻ അടിയന്തര ആവശ്യമുള്ളവർക്ക് അത് നൽകാനാണ് തീരുമാനം. മറ്റു കാര്യങ്ങൾ സാഹചര്യം അനുകൂലമാവുേമ്പാഴേ ചർച്ചചെയ്യാനും തീരുമാനം കൈക്കൊള്ളാനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.