മട്ടന്നൂര്‍: ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഹമദ് ദേവര്‍കോവില്‍, വി. അബ്ദുറഹിമാന് എന്നിവര്‍ പങ്കെടുക്കും. നെടുമ്പാശ്ശേരി, കരിപ്പൂർ എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പുകൾ.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിർമാണം പൂര്‍ത്തിയായ അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലാണ് ഹജ്ജ് ക്യാമ്പായി ഉപയോഗിക്കുന്നത്. 145 പേരാണ് ആദ്യ വിമാനത്തില്‍ യാത്രചെയ്യുക. കണ്ണൂരില്‍നിന്നും 1943 പേരാണ് ആകെ ഹജ്ജ് യാത്രികർ. ഇതില്‍ 71 പേര് ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസാണ് കണ്ണൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തുക.
ഹജ്ജിന് വലിയ വിമാനം കണ്ണൂരിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 186 പേരെ ഉള്‍ക്കൊള്ളുന്ന ബോയിങ് 737 എയര്‍ ഇന്ത്യ എക്സ്പ്രസാണ് കണ്ണൂരില്‍നിന്ന് സര്‍വിസിന് തെരഞ്ഞെടുത്തത്. കണ്ണൂരിലും കരിപ്പൂരിലുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് ഹജ്ജ് കരാര്‍ ലഭിച്ചത്. കൊച്ചിയില്‍നിന്ന് സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് സര്‍വിസ് നടത്തുക ജൂണ്‍ നാലിന് ഞായറാഴ്ച പുലര്‍ച്ച 1.45ന് കേരളത്തില്‍നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം കണ്ണൂരില്‍നിന്ന് മന്ത്രി വി. അബ്ദുറഹ്മാന് ഫ്ലാഗ് ഓഫ് ചെയ്യും. രണ്ടാമത്തെ വിമാനം ആറിന് രാവിലെ 10.30നാണ് പുറപ്പെടുക. ക്യാമ്പിലെ ഒരുക്കങ്ങൾ വിലയിരുത്താനായി അവലോകന യോഗം ചേർന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബര്‍, എം.സി.കെ. ഗഫൂര്‍, സി.കെ. സുബൈര്‍ ഹാജി, പി. ശ്രീനാഥ്, എസ്. നജീബ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.