മലപ്പുറം: ഹജ്ജ് തീർഥാടനവേളയിൽ ഹാജിമാർക്ക് കൈയിൽ കരുതാനുള്ള പണം നൽകുന്ന രീതി ഇനിയുണ്ടാകില്ല. പകരം തീർഥാടകർ പണം സ്വയം കരുതേണ്ടിവരും. കുറച്ചുവർഷങ്ങളായി 2100 റിയാലാണ് യാത്രക്ക് തൊട്ടുമുമ്പ് വിമാനത്താവളങ്ങളിൽനിന്ന് വിതരണം ചെയ്തിരുന്നത്. തീർഥാടകർ അടച്ച തുകയിൽനിന്നാണ് ഈ പണം നൽകാറുള്ളത്.
റിയാലായി മാറ്റുന്നതിന് ബാങ്കുകളിൽനിന്ന് കുറഞ്ഞ നിരക്കിൽ ടെൻഡർ ക്ഷണിച്ചാണ് തുക അനുവദിക്കാറുള്ളത്. യാത്രവേളയിൽ ഹാജിമാർ അധികമായി വാങ്ങുന്ന റിയാലിന്റെ നിരക്കുമായി വൻവ്യത്യാസം ഈ തുകയിലുണ്ടാകാറുണ്ട്. ഇത് ഹാജിമാർക്ക് ഗുണകരമായിരുന്നു. മുമ്പ് ഹജ്ജിന് പോകുന്നവർ സ്വന്തമായി ചെലവിനുള്ള പണം കൈവശം വെക്കണമായിരുന്നു. പലരും പൈസയില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം ഉൾപ്പെടെ വിവിധ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടർന്നാണ് തീർഥാടകരിൽനിന്ന് നേരത്തേ പണം വാങ്ങി റിയാലാക്കി മാറ്റി എല്ലാവർക്കും നൽകാൻ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.
വിവിധ ഏജൻസികളിൽനിന്ന് തീർഥാടകർ പണം വാങ്ങുമ്പോഴുള്ള ചൂഷണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ നൽകിയത്. പുതിയ തീരുമാനപ്രകാരം ഹജ്ജിന്റെ യാത്രച്ചെലവിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നൽകേണ്ട തുകയിൽ കുറവ് വരുമെങ്കിലും തീർഥാടകർക്ക് ഗുണകരമായേക്കില്ല. യാത്രക്കാവശ്യമായ റിയാൽ കൈവശം കരുതേണ്ടതിനാൽ യാത്രച്ചെലവിൽ കുറവുവരില്ലെന്നും യാത്രച്ചെലവ് കുറച്ചെന്ന കേന്ദ്രസർക്കാറിന്റെ അവകാശവാദത്തിന് വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഹജ്ജ് അപേക്ഷ ഫീസ് ഒഴിവാക്കിയതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഹജ്ജ് നയത്തിൽ അപേക്ഷഫോറം സൗജന്യമായി ഉപയോഗിക്കാമെന്നു മാത്രമാണ് പറയുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഫോറം സൗജന്യമാണ്. അപേക്ഷ സമർപ്പിക്കുന്ന സമയത്താണ് 300 രൂപ അടക്കേണ്ടത്.
300ൽ 200 രൂപ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും 100 രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുമാണ് ലഭിക്കുന്നത്. ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിവിധ നടപടികൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികളിലാണ് നടക്കുന്നത്. അപേക്ഷ ഫീസ് ഒഴിവാക്കുമ്പോൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് വലിയ വരുമാന നഷ്ടമുണ്ടാകും. ംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പ്രധാന വരുമാനമാർഗവും ഇതാണ്. വിഷയം ഈ മാസം ഒമ്പതിന് ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലും ചർച്ചയാകും. ഇതിനുശേഷമായിരിക്കും അന്തിമതീരുമാനം. അവസരം ലഭിക്കുന്നവരിൽനിന്ന് മാത്രം ഈ തുക ഈടാക്കണമെന്ന ആവശ്യം നേരത്തെയുണ്ടായിരുന്നു.
45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് നിലവിൽ നാല് പേരുണ്ടെങ്കിലാണ് അവസരം ലഭിക്കുക. ഇനിമുതൽ ഒരാൾക്കും അപേക്ഷിക്കാം. മുൻകാലങ്ങളിൽ നറുക്കെടുപ്പില്ലാതെ ഇവർക്ക് നേരിട്ട് അവസരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.