ന്യൂഡൽഹി: രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് ഗോരക്ഷാ സേന തട്ടിക്കൊണ്ടുപോയി ‘ബൊലേറോ’യിലിട്ട് കത്തിച്ച നാസിറിനെയും ജുനൈദിനെയും ജീവനോടെ ഹരിയാന പൊലീസിന് കൈമാറിയിരുന്നുവെന്ന് പിടിയിലായ ബജ്രംഗ്ദൾ പ്രവർത്തകൻ റിങ്കു സൈനി. രാജസ്ഥാൻ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരുടെയും കുടുംബങ്ങളുടെ ആരോപണം ശരിവെക്കുന്ന പ്രതിയുടെ മൊഴി. ബജ്രംഗ്ദളുകാരും ഹരിയാന പൊലീസും ഏകോപിച്ചാണ് പ്രവർത്തിച്ചതെന്നായി കുടുംബം ആരോപിച്ചിരുന്നത്. അതേ സമയം ഈ മൊഴി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടിയെടുക്കുമെന്നും രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.
രാജ്യത്തെ നടുക്കിയ ഇരട്ടക്കൊലയിൽ പ്രതിയായ ബജ്രംഗ്ദൾ അംഗത്തിന്റെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടിയെടുക്കുമെന്നും ഭരത്പൂർ ഐ.ജി ഗൗരവ് ശ്രീവാസ്തവ ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. നാസിറിനെയും ജുനൈദിനെയും ബജ്രംഗ്ദളുകാർ തട്ടിക്കൊണ്ടുപോയ കഴിഞ്ഞ ബുധനാഴ്ച ഇരുവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയിൽ രാജസ്ഥാനിലെ ഗോപാൽഘഢ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സൈനിയുടെ പേരുണ്ട്. ഹരിയാനക്കാരനായ ഗോരക്ഷാസേന അംഗമായ സൈനി ടാക്സി ഡ്രൈവറാണ്. സൈനിയെ ചോദ്യം ചെയ്യാനായി അഞ്ച് ദിവസത്തേക്കാണ് രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പശുവിനെ കടത്തിയെന്ന് സംശയിച്ച് തങ്ങൾ തട്ടിക്കൊണ്ടുപോയ രണ്ടുപേരെയും പിന്നീട് ഹരിയാന പൊലീസിന് കൈമാറിയെന്ന് ബജ്രംഗ്ദളുകാരൻ പറഞ്ഞത്. മറ്റു പ്രതികളെ പിടിക്കാൻ രാജസ്ഥാൻ പൊലീസിന്റെ മൂന്ന് സംഘങ്ങൾ ഹരിയാനയിലേക്ക് പോയിട്ടുണ്ടെന്നും തെരച്ചിൽ നടത്തുന്നുണ്ടെന്നും ഭരത്പൂർ ഐ.ജി പറഞ്ഞു.
നാസിറും ജുനൈദും സിക്രിയിലെ ബന്ധുവീട്ടിലേക്ക് ‘ബൊലേറോ’യിൽ പോകുമ്പോൾ ഹരിയാന പൊലീസും ബജ്രംഗ്ദൾ പ്രവർത്തകരും ഒരുമിച്ചാണ് വാഹനം തടഞ്ഞുനിർത്തിയതെന്ന് ഇരുവരുടെയും ബന്ധുവായ മുഹമ്മദ് ജാബിർ നേരത്തെ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഹരിയാന പൊലീസിന്റെ വാഹനവും ബജ്രംഗ്ദളുകാർ സഞ്ചരിച്ച മറ്റൊരു വാഹനവും നാട്ടുകാർ കണ്ടതാണ്. അവർ ഇറങ്ങി ഓടിരക്ഷപ്പെടാൻ നോക്കിയെങ്കിലും അടിച്ചുവീഴ്ത്തി പൊലീസ് വാഹനത്തിലേക്ക് എടുത്തിട്ട് ഫിറോസ്പൂരിലെ ഝിഡ്കയിലേക്ക് കൊണ്ടുപോയി. തുടർന്ന് ബജ്രംഗ്ദളുകാർ ഇരുവരും ഹരിയാന പൊലീസിന് കൈമാറാൻ നോക്കിയപ്പോൾ ആക്രമണത്തിലേറ്റ പരിക്ക് അതീവഗുരുതരമായതിനാൽ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് 160 കിലോമീറ്റർ ദൂരത്തുള്ള ഭീവാനിയിലേക്ക് കൊണ്ടുപോയി ജീവനോടെ കത്തിക്കുകയായിരുന്നുവെന്നുമാണ് മുഹമ്മദ് ജാബിർ പറഞ്ഞതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.