തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി. കേസന്വേഷിക്കുന്ന കേരള പൊലീസിൽ വിശ്വാസമില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾവരെ തിരുത്തിയെഴുതിയെന്നും അതിനാൽ കേസ് മറ്റ് അേന്വഷണ ഏജൻസി ഏറ്റെടുത്ത് നടത്തണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ യുവതി അഭിഭാഷക മുഖേന കേസ് നടക്കുന്ന തിരുവനന്തപുരം േപാക്സോ കോടതിയിൽ ഹരജി നൽകി. അതേസമയം യുവതിയെ വൈദ്യപരിശോധന, നുണപരിശോധന, ബ്രെയിൻ മാപ്പിങ് എന്നിവക്ക് വിധേയമാക്കുന്നതിന് അനുമതി തേടി അേന്വഷണ ഉദ്യോഗസ്ഥൻ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹരജി സമർപ്പിച്ചു.
യുവതി മൊഴികൾ മാറ്റുന്ന സാഹചര്യത്തിലാണ് ശാസ്ത്രീയപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് സംഭവം കഴിഞ്ഞയുടൻ വൈദ്യപരിശോധനക്ക് വിധേയമാക്കാഞ്ഞത്. വീട്ടിലേക്ക് മടക്കിയയച്ച സാഹചര്യത്തിൽ വൈദ്യപരിശോധനക്ക് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും കുടുംബവും സഹകരിച്ചില്ലെന്നാണ് െപാലീസ് പറയുന്നത്. രണ്ട് ഹരജികളിലെയും വാദം തിങ്കളാഴ്ച പോക്സോ കോടതി പരിഗണിക്കും.
എ.ഡി.ജി.പി ഉൾപ്പെടെ നാലു പേർ നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ യുവതി കോടതിയിൽ സമർപ്പിച്ച ഹരജിയിലും ഇത് ആവർത്തിച്ചു. ലിംഗം മുറിച്ചത് പീഡനശ്രമത്തിനിടെയാണെന്ന് ആദ്യം മൊഴി നൽകിയ യുവതി മറ്റ് ചിലരുടെ പ്രേരണയിലാണ് അത് നടത്തിയതെന്നാണ് ഇപ്പോൾ പറയുന്നത്. പൊലീസ് നിർദേശപ്രകാരമാണ് പീഡിപ്പിച്ചുവെന്ന മൊഴി നൽകിയത്. എന്നാൽ, ഇപ്പോൾ പ്രതിഭാഗം അഭിഭാഷകനയച്ച കത്തിലും ശബ്ദരേഖയിലും സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന മൊഴിയാണ് യുവതി നൽകിയിട്ടുള്ളത്. പോക്സോ നിയമപ്രകാരം കേസെടുക്കാനാണ് 16 വയസ്സുമുതൽ പീഡിപ്പിച്ചുവെന്ന് മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടതെന്നാണ് യുവതി പറയുന്നത്.
അതേസമയം സംഭവം കഴിഞ്ഞയുടൻ വൈദ്യപരിശോധനക്ക് വിധേയമാക്കാത്ത പൊലീസ് നടപടി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഇരയെന്ന നിലയിൽ സാധ്യമാകില്ലെന്നും നിയമവിദഗ്ധർ പറയുന്നു. അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ആവശ്യത്തിന് പിന്നിൽ കേസ് പോക്സോ കോടതിയിൽനിന്ന് മാറ്റാനാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഗംഗേശാനന്ദയുടെ റിമാൻഡ് ജൂലൈ ഒന്നുവരെ നീട്ടി. സ്വാമിയുടെ ജാമ്യഹരജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.