ഹാരിസ് ബീരാൻ: ദേശീയ തലത്തിൽ മുസ്‍ലിം ലീഗിന്റെ സംഘാടകൻ; എം.എസ്.എഫിലൂടെ തുടക്കം

മലപ്പുറം: അഡ്വ. ഹാരിസ് ബീരാനെ മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതോടെ പാർലമെന്റിലേക്ക് പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ പരാതി തീർന്നു. ദേശീയ തലത്തിൽ ലീഗിന്റെ സംഘാടകന്റെ റോളിലും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിലെ വ്യവഹാരിയെന്ന നിലയിലും ശ്രദ്ധേയനാണ് ഹാരിസ് ബീരാൻ. സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ അദ്ദേഹം കാൽ നൂറ്റാണ്ട് കാലമായി രാജ്യ തലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പോരാടുന്നു. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ മുസ്‌ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളജിൽ എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളജിലും എം.എസ്.എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാൻ 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

2011 മുതൽ ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തിൽ മുസ്‌ലിംലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്.

ഡൽഹി കലാപം ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരകൾക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു. അബ്ദുന്നാസർ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിന് ഹാരിസ് ബീരാൻ നടത്തിയ നിയമ പോരാട്ടം ശ്രദ്ധേയമായിരുന്നു. കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമ യുദ്ധത്തെ മുന്നിൽനിന്ന് നയിച്ചു. മുസ്‌ലിംലീഗിന്റെ പേര് മാറ്റണമെന്ന ഹർജിക്കെതിരെയും മുത്തലാഖ് ബിൽ, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഹാരിസ് ബീരാൻ നടത്തിയ നിയമപരമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാൻ നിയമപോരാട്ടം നടത്തി.

ഡൽഹി കേന്ദ്രീകരിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഹാരിസ് ബീരാന്റെ രാജ്യസഭാംഗത്വം ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പിതാവ് അഡ്വ. വി.കെ ബീരാൻ ബാബരി മസ്ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളിൽ ഇടപെട്ട നിയമ വിദഗ്ധനും മുൻ അഡീഷനൽ അഡ്വക്കേറ്റ് ജനറലുമാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ മജ്ദ ത്വഹാനി. മക്കൾ അൽ റയ്യാൻ, അർമാൻ.

Tags:    
News Summary - Haris Beeran is an organizer of the Muslim League at the national level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.