കോഴിക്കോട്: 'ഹരിത' പ്രവർത്തകർക്ക് മുസ് ലിം ലീഗിൽ നിന്ന് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ് ലിയ. ആഗസ്റ്റ് 25ന് നടത്തിയ ചർച്ചയോടും അതിലെ തീരുമാനങ്ങളോടും വിയോജിപ്പുണ്ട്. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം താൻ കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫാത്തിമ തഹ് ലിയ വ്യക്തമാക്കി.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയ 10 പെൺകുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. കുടുംബത്തിലും ചുറ്റുപാടിലും ജോലി സ്ഥലങ്ങളിലും നിന്നുള്ള അനുഭവങ്ങൾ പറയാവുന്നതിലും അപ്പുറമാണ്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ വനിത കമീഷന് നൽകിയ പരാതി പിൻവലിച്ചിട്ടില്ല. പിൻവലിക്കണമോ എന്ന് തീരുമാനിക്കേണ്ട് ഹരിതയിലെ 10 പ്രവർത്തകരാണ്. മരവിപ്പിച്ച ഹരിത സംസ്ഥാന സമിതി പുനരുജ്ജീവിപ്പിക്കണമോ എന്ന വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും മീഡീയവണിന് നൽകിയ അഭിമുഖത്തിൽ ഫാത്തിമ തഹ് ലിയ വ്യക്തമാക്കി.
അതേസമയം, ഫാത്തിമ തഹ് ലിയയുടെ അഭിമുഖത്തോട് പ്രതികരിക്കാൻ മുസ് ലിം ലീഗ് നേതൃത്വം തയാറായില്ല. എട്ടാം തീയതി നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും. അതിന് ശേഷം പ്രതികരിക്കാമെന്നാണ് ലീഗ് നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.