കോഴിക്കോട്: ഒടുവിൽ ‘ഹരിത’ നേതാക്കളെ യൂത്ത് ലീഗ് നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് മുസ്ലിം ലീഗ്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായിരുന്ന അഡ്വ. ഫാത്തിമ തഹ്ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും സെക്രട്ടറിയായി നജ്മ തബ്ശീറയെയും നിയോഗിച്ചു. ആശിഖ് ചെലവൂരിനെ ദേശീയ വൈസ് പ്രസിഡന്റാക്കിയിട്ടുണ്ട്. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടപടിയെടുത്തിരുന്ന ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറായും നോമിനേറ്റ് ചെയ്തു. യൂത്ത് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ ഭാരവാഹിത്വത്തിലേക്ക് വരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഹരിത’ നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി അവസാനിപ്പിച്ചതായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിവിധ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഹരിത മുൻ ഭാരവാഹികൾ സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
ഹരിതയിൽ ഭാരവാഹി പുനഃസംഘടന നടക്കുന്നതിനിടെ മലപ്പുറം ജില്ല കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുത്ത നടപടിക്കെതിരെ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്തുവന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതുസംബന്ധിച്ച് പാണക്കാട് സാദിഖലി തങ്ങൾക്കും മറ്റു നേതാക്കൾക്കും ഹരിത ഭാരവാഹികൾ പരാതി നൽകിയിരുന്നു. എന്നാൽ, പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് നടപടി ഉണ്ടായില്ല.
തുടർന്ന് ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരം പ്രശ്നം ചർച്ച ചെയ്യാൻ കോഴിക്കോട് ചേർന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് മോശം പരാമർശം നടത്തിയതായി കാണിച്ച് ഹരിത ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതോടെ വിവാദം മൂർച്ഛിച്ചു. ഹരിത നേതാക്കളായ മുഫീദ തസ്നി, നജ്മ തബ്ഷീറ, വി.കെ. ഷംന, ജുവൈരിയ, മിന ഫർസാന, ഫർഹ, ബരീര താഹ, അനഘ, വി.പി. ഫസീല, ആഷിദ എന്നിവരാണ് പരാതിയിൽ ഒപ്പുവെച്ചത്.
തുടർന്ന് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ വ്യത്യസ്ത സമയങ്ങളിലായി നടന്ന ചർച്ചയിലുണ്ടായ ഏകപക്ഷീയ നിർദേശങ്ങൾ ഹരിത ഭാരവാഹികൾ അംഗീകരിക്കാൻ തയാറായില്ല. തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിതക്ക് പിന്തുണ നൽകിയതിനാണ് എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരിനെയും സെക്രട്ടറിയായിരുന്ന ഫവാസിനെയും പുറത്താക്കിയത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിൽ നടപടിക്ക് ഇരയായവരുമായി നടത്തിയ ചർച്ചയിലാണ് നേരത്തേ എടുത്ത നടപടികൾ അവസാനിപ്പിക്കാൻ ധാരണയായത്. ഇതനുസരിച്ച് വനിത കമീഷനിൽ കൊടുത്ത കേസ് ഹരിത മുൻ ഭാരവാഹികൾ പിൻവലിക്കും. ഹരിത നേതാക്കളോട് അന്ന് ലീഗ് നേതൃത്വം സ്വീകരിച്ച നിഷേധാത്മക നിലപാട് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. അന്ന് വിമർശനം മുഖവിലക്കെടുക്കാതിരുന്ന നേതൃത്വം ഇപ്പോൾ ഇവരെ യൂത്ത് ലീഗിന്റെ നേതൃനിരയിലേക്ക് കൊണ്ടുവന്ന് തെറ്റ് തിരുത്തിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.