‘പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ’; ആർ.എൽ.വി. രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി ആർ. ബിന്ദു

കോഴിക്കോട്: കറുപ്പ് നിറത്തിന്‍റെ പേരിൽ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ ആർ.എൽ.വി. രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ. ബിന്ദു. ആർ.എൽ.വി. രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ച് കമന്‍റിലാണ് അധിക്ഷേപത്തിനെതിരെ മന്ത്രി ബിന്ദു പ്രതികരിച്ചത്.

പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ എന്നും ആർ.എൽ.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരനാണെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി

മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം:

പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്. Love and respect. ❤️🙏

ആർ.എൽ.വി. രാമകൃഷ്ണന് നേരെയുള്ള അധിക്ഷേപം പ്രതിഷേധാർഹമെന്ന് മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് രാമകൃഷ്ണന് ചെയ്തത്. മോഹിനിയാട്ടത്തിന്റെ വഴികളിൽ രാമകൃഷ്ണൻ എഴുതിച്ചേർത്തത് പുതുചരിത്രമാണെന്നും മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുകയെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി.

മന്ത്രി ആർ. ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ/ വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം.

രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്. ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം.

ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളിൽ ഒതുക്കപ്പെട്ടരുത്.

കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്.

മോഹിനിയാട്ടത്തിൽ ആർ എൽ വി യിൽ നിന്ന് ആരംഭിച്ച ഉന്നതപഠനം കലാമണ്ഡലത്തിൽ നിന്ന് എം ഫിൽ, പി എച്ച് ഡി ബിരുദങ്ങൾ നേടി, പെർഫോമിംഗ് ആർട്സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജൻ ആർ എൽ വി രാമകൃഷ്ണന് സ്നേഹാഭിവാദ്യങ്ങൾ....

മോഹിനിയാട്ടത്തിന്റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തത് പുതുചരിത്രമാണ്.... മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുക....

അഭിനന്ദനങ്ങൾ. ....

Tags:    
News Summary - Hate Statements: Minister R Bindu in support of R.L.V. Ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.