കൊച്ചി: ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി കാർഷിക പദ്ധതികളുടെ ആസൂത്രണവും കാർഷിക വിളകളുടെ ഉത്പാദനവും നടത്തണമെന്ന് മന്ത്രി പി. പ്രസാദ്. നെല്ലിക്കുഴി പഞ്ചായത്തിലെ രമല്ലൂർ പാടശേഖരത്തിൻറെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാലുകളുടെ സംരക്ഷണവും പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണ്. എന്നാൽ ആരും കൃഷിക്ക് പ്രാധാന്യം നൽകുന്നില്ല. അടുക്കള പോലും ആവശ്യമില്ലാത്ത തരത്തിൽ പാഴ്സൽ ഭക്ഷണം ഉപയോഗിക്കുന്നവർ കൂടുന്നു. അതോടൊപ്പം ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. രോഗികളും രോഗങ്ങളും വർധിക്കുന്നു. ഇപ്പോഴുള്ള മിക്ക കുട്ടികളിലും ഭാരക്കുറവോ കൂടുതലോ അനുഭവപ്പെടുന്നുണ്ടെന്ന് 27 വിദഗ്ധ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോക്ടർമാർ വ്യക്തമാക്കി.
ഇത് കൃത്യമായ പോഷകം കുട്ടികൾക്ക് ആഹാരത്തിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണെന്നും ഡോക്ടർമാർ പറയുന്നു. സ്ത്രീകളിൽ അസ്ഥിരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്നു. മരുന്നുകൾക്ക് പകരം ഭക്ഷണക്രമീകരണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയണം. അതിനായി ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ കണ്ടെത്തി അവ ആ പ്രദേശത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്തണം.
പ്രാദേശികമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലൂടെ കാർഷിക പദ്ധതികൾ ആവിഷ്കരിക്കണം. ഓരോ പ്രദേശത്തിനും ഒരു ഫുഡ് പ്ലേറ്റ് ഉണ്ടാകണം. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ആണ് ഏറ്റവും വലിയ വികസനം. ആശുപത്രികൾ വർധിക്കുന്നത് നല്ല വികസനമല്ല. മുൻഗണനകളിൽ ആരോഗ്യത്തിന് പ്രാധാന്യം നൽകണം.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നബാർഡിൻറെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ഫണ്ടിൽ നിന്നുള്ള വായ്പാതുക ഉപയോഗിച്ചാണ് ഇരമല്ലൂർ പാടശേഖരത്തിൻറെ വികസനവും നീർച്ചാലുകളുടെ സംരക്ഷണവും പദ്ധതി നടപ്പാക്കുന്നത്. രണ്ട് കോടി 55 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ തുക. രണ്ട് കോടി 11 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തോടിൻറെ പാർശ്വഭിത്തി നിർമ്മാണം, റീട്ടെയ്നിങ് വാൾ, ലീഡിങ്ങ് ചാനൽ, നടപ്പാത, ട്രാക്ടർ പാസേജ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലുൾപ്പെടുന്നത്. തോടുകളിൽ മാലിന്യം തള്ളുന്നത് തടയാനും തോടുകൾ വൃത്തിയാക്കാനും ജനകീയ പരിപാടികൾ സംഘടിപ്പിക്കണം.
കൃഷി വകുപ്പിൻറെ യോഗങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അതുവഴി ജനങ്ങൾക്കും ഭരണ നിർവഹണത്തിൽ സജീവമായി ഇടപെടാൻ കഴിയും. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. ഓരോ വീടുകളിലും ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യണം. അടുക്കളയും കൃഷിയിടങ്ങളും ജനകീയ ഇടപെടലിലൂടെ തിരിച്ച് പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ വി.എ. തങ്കപ്പനെ ചടങ്ങിൽ ആദരിച്ചു. ഇരുകൈകളും ബന്ധിച്ച് ഏഴ് കിലോമീറ്റർ ദൂരം വേമ്പനാട് കായൽ നീന്തിക്കയറി ലോക റെക്കോഡ് നേടിയ അസ്ഫർ ദിയാൻ അമീനെ മന്ത്രി ആദരിച്ചു. മലയാറ്റൂർ വിസ്ഡം മിനിസ്ട്രി പ്രാർഥനാ കേന്ദ്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 25000 രൂപയുടെ ചെക്ക് മലയാറ്റൂർ നിലീശ്വരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ബിൻസി ജോയ് മന്ത്രിക്ക് കൈമാറി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശ ദേവദാസ് പദ്ധതി വിശദീകരിച്ചു. കേത്രമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.