കൽപറ്റ: കാലവർഷക്കെടുതിയും പ്രളയവും വയനാട്ടിലെ ക്ഷീരമേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കി. സകല മേഖലയിലും നാശം വിതച്ച പ്രളയദുരിതത്തിൽ പ്രാഥമിക കണക്കുകൾ പ്രകാരം ക്ഷീരമേഖലയിൽ പത്തു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പശുക്കൾ ചത്തും തൊഴുത്തുകൾ തകർന്നും ക്ഷീരസംഘങ്ങളിൽ വെള്ളം കയറിയും തീറ്റപ്പുൽ കൃഷി നശിച്ചുമാണ് ഇത്രയധികം നഷ്ടം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷകരുടെ നൂറിലധികം പശുക്കൾ ചത്തു. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള പശുക്കളാണ് ചത്തത്. നൂറുകണക്കിന് കന്നുകാലികൾ വെള്ളത്തിൽ മുങ്ങി രോഗബാധിതരായി. 250ലധികം തൊഴുത്തുകൾ പൂർണമായും അഞ്ഞൂറിലധികം തൊഴുത്തുകൾ ഭാഗികമായും തകർന്നു. വയലുകളിലെ മുഴുവൻ തീറ്റപ്പുൽ കൃഷിയും നശിച്ചു. പാൽ സംഭരണ-ശീതീകരണ പ്ലാൻറുകളിൽ വെള്ളം കയറി സംഭരണം മുടങ്ങി.
സംസ്ഥാനത്ത് പാലുൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള വയനാട്ടിൽ പ്രതിദിനം 2.30 ലക്ഷം ലിറ്റർ പാലാണ് കർഷകരിൽനിന്ന് സംഭരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സംഭരണം പകുതിയായി കുറഞ്ഞു. പല ക്ഷീരസംഘങ്ങളിലും ഈ ദിവസങ്ങളിൽ ഒരു ലിറ്റർ പാൽ പോലും സംഭരിക്കാൻ കഴിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട ജില്ലയിലെ ക്ഷീരമേഖലക്ക് പ്രളയം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പലയിടങ്ങളിലും കാലിത്തീറ്റ വെള്ളം കയറി നശിച്ചു. സൂക്ഷിച്ചുെവച്ചിരുന്ന വയ്ക്കോലും ഉപയോഗശൂന്യമായി.
വെള്ളപ്പൊക്കം തുടരുന്നതിനാൽ വരുംദിവസങ്ങളിലും കാലികൾക്ക് തീറ്റക്ക് ക്ഷാമമുണ്ടാകും.
യഥാർഥ നഷ്ടത്തിെൻറ കണക്കുകൾ ശേഖരിച്ചുവരുകയാണന്ന് കൽപറ്റ ബ്ലോക്ക് ക്ഷീരവികസന വകുപ്പ് ഓഫിസർ വി.എസ്. ഹർഷ പറഞ്ഞു.
ആട്, കോഴി, പന്നി എന്നിവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. വയനാടിെൻറ കാർഷിക മേഖല തകർന്നപ്പോഴും കർഷകരെ പിടിച്ചുനിർത്തിയിരുന്നത് ക്ഷീരമേഖലയായിരുന്നു. എന്നാൽ, മഴക്കെടുതി മേഖലയെ രൂക്ഷമായി ബാധിച്ചത് വയനാടിെൻറ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.