തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്തുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന മഴക്ക് ശമനമില്ല. റോഡുകളും വീടുകളും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. തലസ്ഥാന നഗരത്തിൽ വർഷങ്ങളായി പുരോഗമിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ മിക്ക ഓടകളും റോഡുകളും വെട്ടിപ്പൊളിച്ചിട്ടതും ഇരട്ടിദുരിതമായി. സംസ്ഥാനത്ത് ആകെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളിലെ 2054 പേരെ മാറ്റിപാർപ്പിച്ചു.
അതിശക്തമായ മഴക്ക് പിന്നാലെ ബുധനാഴ്ച ഉച്ചയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പലയിടങ്ങളിലും 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച മഞ്ഞ അലർട്ടായിരുന്നു.
ജൂൺ രണ്ടു വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
വ്യാഴാഴ്ച മുതൽ ജൂൺ രണ്ടു വരെ ലക്ഷദ്വീപ് പ്രദേശത്തും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അന്തമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മഴ ശക്തിപ്പെടുന്നതിനാൽ സാഹചര്യങ്ങൾ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണിയോ നടക്കുന്ന ദേശീയപാത, സംസ്ഥാനപാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ യാത്രക്കാർക്ക് കാണുന്നതരത്തിൽ സുരക്ഷ ബോർഡുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘൂകരിക്കാൻ വേണ്ടതായ ഇടപെടൽ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടണം.
അനധികൃതമായി അവധിയിലുള്ള ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ താക്കീത്. മഴക്കാലവും പകർച്ചവ്യാധി പ്രതിരോധവുമടക്കം അനിവാര്യമായ ഘട്ടത്തിലെ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. സര്‍വിസില്‍ പുനഃപ്രവേശിക്കാന്‍ സന്നദ്ധതയുള്ളവർ ജൂണ്‍ ആറിന് വൈകീട്ട് അഞ്ചിനു മുമ്പായി ഹാജരാകണമെന്നാണ് ഉത്തരവിലെ നിർദേശം. രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായി അതത് വകുപ്പ് മേധാവികള്‍ നിയമനം നല്‍കണം.
സമയപരിധിക്കുള്ളിൽ വരാത്തവർക്കെതിരെ പിരിച്ചുവിടൽ അടക്കം നടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ അനധികൃതമായി സര്‍വിസില്‍നിന്ന് വിട്ട് നില്ക്കുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ അനധികൃത അവധിയിൽകഴിഞ്ഞ 28 ഡോക്ടർമാരെ 2021 ലും 36 ഡോക്ടർമാരെ 2018 ഡിസംബറിലും സർവിസിൽനിന്ന് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.