മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി കനത്ത മഴ

കൽപ്പറ്റ: ഉരുൾപ്പൊട്ടൽ ദുരന്തം നടന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി കനത്ത മഴ. മഴയെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയ താൽക്കാലിക പാലം മുങ്ങി. മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ രക്ഷാപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സൈന്യം നിർമിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നാളെയോടെ പൂർണമായും പാലം സൈന്യം സജ്ജമാക്കും.

അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 205 ആയി. കാണാതായത് 225 പേരെയാണെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് വിവരം പുറത്തുവിട്ടത്. ഇതോടെ മരണസംഖ്യ ഇനിയും ഏറെ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്. 191 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മേഖലയിൽ സൈന്യവും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസും സന്നദ്ധപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.

മരിച്ച 89 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ബുധനാഴ്ച മാത്രം 15 മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇവയിൽ പലതും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30ന് സര്‍വകക്ഷിയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

Tags:    
News Summary - Heavy rains set back the rescue operation in Mundakai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.