കൊച്ചി: മാസപ്പടി കേസിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിനപ്പുറം വസ്തുതകളൊന്നും ചൂണ്ടിക്കാട്ടാനാകുന്നില്ലെന്ന് സി.എം.ആർ.എൽ കമ്പനി ഹൈകോടതിയിൽ. വാർത്തസമ്മേളനത്തിൽ ഉന്നയിക്കുന്ന വസ്തുതയില്ലാത്ത കാര്യങ്ങൾ കോടതിയിൽ പറയാനാവുന്നതെങ്ങനെയാണ്. കമ്പനിക്കെതിരായ സെറ്റിൽമെന്‍റ് ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനാവുന്നതെങ്ങനെയാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പ്രതിഫലം നൽകിയതിനാൽ കമ്പനിക്ക് അനുകൂലമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചെന്നാണ് ആരോപണം. എന്നാൽ, എല്ലായിടത്തും തടസ്സമല്ലാതെ പത്തുപൈസയുടെ ഗുണം സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ലെന്നും സി.എം.ആർ.എൽ അഭിഭാഷകൻ വാദിച്ചു.
കമ്പനി സേവനം നൽകിയില്ലെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് നിഗമനത്തിലെത്താനാവുകയെന്ന് സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചോദിച്ചു. ചെയ്ത സേവനം പ്രകടമല്ല എന്നതിനാൽ, സേവനം ചെയ്തിട്ടില്ലായെന്ന് പറയാനാവില്ല. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടിൽ മുഖ്യമന്ത്രി വേട്ടയാടപ്പെടുകയാണെന്നും ഡി.ജി.പി വാദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. ഹരജി നൽകിയശേഷം ഹരജിക്കാരൻ മരിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ സമർപ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.