കുറ്റാരോപിതരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പ് -വി.ഡി സതീശൻ

തിരുവനന്തപുരം: കുറ്റാരോപിതരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സി.പി.എമ്മിലെ പവര്‍ ഗ്രൂപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു പവര്‍ ഗ്രൂപ്പ് സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ആനി രാജയും ബൃന്ദ കാരാട്ടും ബിനോയ് വിശ്വവുമൊക്കെ ദുര്‍ബലരാണ്. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്. ഇത്രയും കുഴപ്പം ചെയ്തിട്ടും ഇവര്‍ക്കൊന്നും ഒന്നും സംഭവിക്കുന്നില്ല. വരും കാലങ്ങളില്‍ സിനിമാരംഗം കൂടുതല്‍ വഷളാകും.

ധൈര്യമായി അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നും നിയമപരമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ അത് നിരാശയിലേക്ക് പോകും. നിയമവിരുദ്ധമായാണ് സാംസ്‌കാരിക മന്ത്രി സംസാരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ മുഖ്യമന്ത്രി വാർത്ത സമ്മേളനം നിര്‍ത്തി. അദ്ദേഹത്തെ ഇപ്പോള്‍ കാണാന്‍ പോലുമില്ലെന്നും സതീശൻ പറഞ്ഞു.

ആരോപണവിധേയനായ മുകേഷ് രാജിവെക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്നതുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുകേഷും സി.പി.എമ്മുമാണ്. മുകേഷ് രാജിക്ക് തയാറാകാത്ത സാഹചര്യത്തില്‍ സി.പി.എമ്മാണ് തീരുമാനം എടുക്കേണ്ടത്. ഘടകകക്ഷികളും നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും അനങ്ങുന്നില്ല. ആരോപണവിധേയനെ സംരക്ഷിക്കുന്ന നിലപാട് എടുത്ത സി.പി.എം ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്.

ഇപ്പോള്‍ പുറത്തുവന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും റിപ്പോര്‍ട്ടിൻ മേല്‍ അന്വേഷണം നടത്തില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്. മുകേഷ് ഉള്‍പ്പെടുന്ന സിനിമ നയരൂപീകരണ സമിതിക്കാണ് ഹേമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഠിക്കാന്‍ നല്‍കിയത്.

പുറത്തുവരാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ റിപ്പോര്‍ട്ടാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ വായിച്ചത്. ഈ റിപ്പോര്‍ട്ടും കൈയില്‍ വച്ചുകൊണ്ടാണ് മുകേഷിനെ നിയമസഭ തിരഞ്ഞെടുപ്പിലും പിന്നീട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാക്കിയത്. എത്ര ലാഘവത്തോടെയാണ് സി.പി.എം സ്ത്രീപക്ഷ വിഷയത്തെ കാണുന്നത്? തൊഴിലിടത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒളിച്ചുവച്ച് വീണ്ടും നിയമ ലംഘനം നടത്തുകയാണ്. അതുകൂടി ചര്‍ച്ച ചെയ്യപ്പെടണമെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - The accused are being protected by the power group led by the Chief Minister -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.