കൊച്ചി: നിലമ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിലെ ജീവനക്കാരിയായ രാധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാംപ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈകോടതി വെറുതെ വിട്ടത്. പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈകോടതി അംഗീകരിക്കുകയായിരുന്നു. 2014ലാണ് രാധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് തൂപ്പുകാരിയായിരുന്നു ചിറയ്ക്കൽ വീട്ടിൽ രാധ (49). 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
രാവിലെ ഒമ്പത് മണിയോടെ ഓഫിസിൽ ജോലിക്കെത്തിയ രാധയെ ഇരുവരും ചേർന്ന് പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പുചവറുകളുടെ കൂടെ ഓട്ടോയിൽ കൊണ്ടുപോയി കുളത്തിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് തൃശൂർ ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
എന്നാൽ, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഹൈകോടതി വിലയിരുത്തി. മുൻ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു ഒന്നാംപ്രതി. ഇതോടെ സംഭവം രാഷ്ട്രീയ വിവാദമായി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.