ആറരമാസമെത്തിയ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈകോടതി അനുമതി

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ ആറര മാസമെത്തിയ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈകോടതി അനുമതി. നിയമപ്രകാരം 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാനാവില്ലെങ്കിലും പെൺകുട്ടിയുടെ മാനസികനില മോശമായ സാഹചര്യത്തിലാണ് ജസ്റ്റിസ് വി.ജി. അരുൺ പ്രത്യേക അനുമതി നൽകിയത്.

അയൽവാസിയിൽനിന്ന് പെൺകുട്ടി ഗർഭം ധരിച്ചത് ആറര മാസത്തിന് ശേഷമാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന്, മാതാവ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം കണ്ണൂർ മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം പരിശോധന നടത്തി കുഞ്ഞിന് കുഴപ്പമില്ലെന്ന റിപ്പോർട്ട് നൽകി. അതേസമയം, വളർച്ച 26 ആഴ്ച എത്തിയതിനാൽ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കണമെന്നും നിർദേശിച്ചു. പെൺകുട്ടിക്ക് ബുദ്ധിവൈകല്യമുണ്ടെന്നും ഗർഭധാരണം മാനസികാവസ്ഥയെ ബാധിക്കുമെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു.

തുടർന്നാണ് വ്യവസ്ഥകളോടെ കുഞ്ഞിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകിയത്. ജീവനുണ്ടെങ്കിൽ കുഞ്ഞിനെ സംരക്ഷിക്കണം. പെൺകുട്ടിയും കുടുംബവും കുഞ്ഞിനെ ഏറ്റെടുത്തില്ലെങ്കിൽ സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - High Court allowed the extraction of a six-and-a-half-month-old unborn child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.