‘സമസ്തയുടെ ശക്തി എല്ലാവരും മനസ്സിലാക്കണം’; ലീഗിന് പരോക്ഷ മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

എരുമപ്പെട്ടി (തൃശൂർ): സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശക്തി എല്ലാ രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കി സംഘടനയോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ തയാറാകണമെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തൃശൂർ ജില്ല സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം വീണ്ടും ലീഗ്-സമസ്ത തർക്കത്തിന് കാരണമായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ ഉമർ ഫൈസിക്കെതിരെ രംഗത്തെത്തി. ഇതിനിടെയാണ് ലീഗിന് പരോക്ഷ മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന. കേരളത്തിൽ നിരവധി മതസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽനിന്നെല്ലാം മികച്ചതും വ്യത്യസ്തവുമായ പ്രവർത്തനങ്ങളാൽ സമസ്ത വൻശക്തിയായി മാറിയെന്നും ഒരു നൂറ്റാണ്ടോടടുക്കുന്ന സമസ്തയെ കേരളത്തിൽ ആർക്കും മാറ്റിനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമർ ഫൈസിയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും അതുകൊണ്ട് മാത്രം പരിഹാരമാവില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സാദിഖലി തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ.എം ഷാജിയും പറഞ്ഞിരുന്നു. ഉമർ ഫൈസി മുക്കത്തെ സമസ്തയിൽനിന്ന് മാറ്റിനിർത്തണമെന്ന് വെള്ളിയാഴ്ച എടവണ്ണപ്പാറയിൽ സമസ്‍ത കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം ആവശ്യപ്പെട്ടിരുന്നു.

മുസ്‍ലിം സമുദായത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പാണക്കാട് കുടുംബത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് തിരിച്ചറിയണമെന്നും യോഗം വ്യക്തമാക്കി.

Tags:    
News Summary - Jifri Muthukoya Thangal with an indirect reply to the league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.