കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകളിലടക്കം കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഹൈകോടതിയുടെ അനുമതി. ഈ മാസം 15ന് ഉച്ചക്ക് 1.30ന് ഹൈകോടതിയിലാണ് പരിശോധന നടക്കുക. കേസിൽ കക്ഷികളായ സ്ഥാനാർഥികൾക്കും അവരുടെ അഭിഭാഷകർക്കും തെരഞ്ഞെടുപ്പ് കമീഷന്‍റെ അഭിഭാഷകനും ഹൈകോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ പരിശോധന നടത്താനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അനുമതി നൽകിയത്.
മുസ്ലിം ലീഗിലെ നജീബ് കാന്തപുരം എം.എൽ.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥി ഇടതുസ്വതന്ത്രൻ കെ.പി.എം. മുസ്‌തഫ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാലറ്റ് പേപ്പറിലും മറ്റ് തെരഞ്ഞെടുപ്പ് രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു ആവശ്യം.
348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും പറഞ്ഞാണ് മുസ്തഫയുടെ ഹരജി. 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നജീബ് വിജയിച്ചത്.
കേസ് പരിഗണനയിലിരിക്കെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്‍റെയോ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നജീബ് കാന്തപുരവും ഹരജി നൽകി. തുടർന്നാണ് ബാലറ്റ് പേപ്പർ അടക്കമുള്ളവ പരിശോധിക്കണമെന്ന ആവശ്യം വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ കക്ഷികൾ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.