അതിക്രമിച്ചുകയറി എ.എസ്.ഐയെ ചവിട്ടിവീഴ്‌ത്തിയ പ്രതിക്ക് ഹൈകോടതിയുടെ ജാമ്യം

കൊച്ചി: ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി എ.എസ്.ഐയെ ചവിട്ടിവീഴ്‌ത്തിയ കേസിലെ പ്രതിക്ക് മാനസികാവസ്ഥ വിലയിരുത്തി ഹൈകോടതി ജാമ്യം അനുവദിച്ചു. മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലാണെന്ന വസ്തുത വിലയിരുത്തിയാണ് ഗുരുവായൂർ ചൂണ്ടൽ സ്വദേശി വിൻസണിന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ആൾജാമ്യക്കാരിൽ ഒരാൾ പ്രതിയുടെ സഹോദരനായിരിക്കണം. മറ്റൊരു കേസിൽ പൊലീസ് വിളിച്ചുവരുത്തിയതിനെത്തുടർന്ന് ആഗസ്റ്റ് 22ന് ഉച്ചക്ക് കാറിൽ നായുമായി സ്റ്റേഷനിലെത്തിയ വിൻസൺ സ്റ്റേഷൻ വളപ്പിൽ അതിക്രമം കാട്ടിയെന്നാണ് കേസ്.

തടയാൻ ചെന്ന എ.എസ്.ഐയെ ചവിട്ടിവീഴ്‌ത്തിയെന്നും പൊലീസ് സ്റ്റേഷന്‍റെ ഗേറ്റ് തകർക്കാൻ ശ്രമിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെ അതിക്രമങ്ങളെത്തുടർന്ന് സർക്കാറിന് 15,000 രൂപയുടെ നഷ്ടമുണ്ടായെന്നും അറിയിച്ചു. എന്നാൽ, താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നും വിൻസൺ ജാമ്യഹരജിയിൽ പറയുന്നു. കേസ് ഡയറി പരിശോധിച്ച സിംഗിൾ ബെഞ്ച്, പ്രോസിക്യൂഷന്‍റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി.

എന്നാൽ, ആഗസ്റ്റ് 22 മുതൽ റിമാൻഡിലാണെന്നും മാനസിക പ്രശ്നങ്ങളുള്ള ഇയാൾ ജയിലിൽ തുടരുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും കോടതി വിലയിരുത്തി. പ്രതിയുടെ ഭാര്യയെയും സഹോദരനെയും കോടതി വിളിച്ചു വരുത്തിയിരുന്നു. ജാമ്യം അനുവദിച്ചാൽ ഹരജിക്കാരന് മതിയായ ചികിത്സ നൽകാമെന്ന് ഇവർ ഉറപ്പുനൽകി. തുടർന്നാണ് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - High Court grants bail to accused who trespassed and trampled ASI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.