കൊച്ചി: 'മീഡിയവൺ' ചാനലിന്‍റെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹരജി ഹൈകോടതി പരിഗണിക്കുന്നു. ഹരജിയിൽ വാദം ഉച്ചക്ക് ശേഷം 1.45ന് തുടരും. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കൂടുതൽ വിധികൾ ഹാജരാക്കാൻ ഹരജിക്കാരുടെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ഉച്ചക്ക് ശേഷം 1.45 ന് പരിഗണിക്കാൻ കോടതി മാറ്റുകയായിരുന്നു. മീഡിയവൺ ചാനലും ജീവനക്കാരും കേരള പത്രപ്രവർത്തക യൂനിയനുമാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
ലൈസൻസിന് ആദ്യമായി അപേക്ഷിക്കുമ്പോഴാണ് സുരക്ഷ ക്ലിയറൻസ് നിയമപരമായി അനിവാര്യമായിട്ടുള്ളതെന്ന് ഹരജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതുക്കൽ അപേക്ഷ പരിഗണിക്കുമ്പോൾ ക്ലിയറൻസ് ആവശ്യമില്ല. അനുമതിയുമായി ബന്ധപ്പെട്ട ഉപാധികളിലും വ്യവസ്ഥകളിലും തുടർച്ചയായി അഞ്ചു തവണയെങ്കിലും ലംഘനമുണ്ടായാലാണ് അനുമതി പിൻവലിക്കാൻ കഴിയൂ. ലൈസൻസ് ലഭിച്ചപ്പോൾ സുരക്ഷാ ക്ലിയറൻസ് ലഭിച്ചതാണ്.
സെപ്റ്റംബർ 29 വരെയാണ് ലൈസൻസ് ഉണ്ടായിരുന്നത്. പുതുക്കാനായി അപേക്ഷിച്ചത് മാസങ്ങൾക്ക് മുമ്പാണ്. അതിനിടയിൽ സുരക്ഷാ ക്ലിയറൻസ് ലഭ്യമല്ല എന്നറിയിച്ചിട്ടില്ല. കാരണംകാണിക്കൽ നോട്ടീസാണ് നൽകിയത്. ഇതിൽ, സുരക്ഷാ ക്ലിയറൻസ് നേരത്തെ ലഭിച്ചതായി പറയുന്നുണ്ട്. അനുമതി തേടി ആദ്യം അപേക്ഷ സമർപ്പിക്കുമ്പോഴും പുതുക്കുമ്പോഴും വ്യവസ്ഥകൾ വ്യത്യസ്തമാണ്. അത് പരിഗണിക്കുന്നതിൽ സിംഗിൾ ബെഞ്ച് ജഡ്ജിന് വീഴ്ചപറ്റി.
ചാനലിന്‍റെ ഏതെങ്കിലും പരിപാടിയിൽ രാജ്യസുരക്ഷ, പൊതുസമാധാനം, സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളുണ്ടായാൽ പരിപാടി നിർത്തിവെപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനുണ്ട്. ഇതിന് പകരം ചാനലിന്‍റെ തന്നെ അനുമതി റദ്ദാക്കുന്നത് നിയമപരമല്ല. 350ഓളം ജീവനക്കാരുടെ ജീവനമാർഗം ഇല്ലാതാക്കുന്ന ഉത്ത വിട്ടപ്പോൾ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
മീഡിയവണിന്‍റെ അനുമതി റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്ത ജനുവരി 31ലെ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹരജികൾ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.