കൊച്ചി: പിരിച്ചെടുത്ത വിഹിതം അടക്കുന്നതിൽ കുടിശ്ശികയുണ്ടെന്ന പേരിൽ ഇ.എസ്.ഐ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നിഷേധിക്കരുതെന്ന് ഹൈകോടതി. ജീവനക്കാരോ തൊഴിലുടമയോ അടക്കാനുള്ള കുടിശ്ശിക ഇൗടാക്കാൻ ഇ.എസ്.ഐ കോർപറേഷന് നിയമപരമായി നടപടിയെടുക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ഭർത്താവിെൻറ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ആനുകൂല്യത്തിനായി നൽകിയ അപേക്ഷ നിരസിച്ച ഇ.എസ്.ഐ നടപടി ചോദ്യം ചെയ്ത് കായംകുളം കരീലക്കുളങ്ങര സ്വദേശിനിയായ സ്കൂൾ അധ്യാപിക നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇ.എസ്.ഐ ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2010 ജൂൺ മുതൽ ഹരജിക്കാരിയുടെ ശമ്പളത്തിൽനിന്ന് ഇ.എസ്.ഐ വിഹിതം പിടിക്കുന്നുണ്ടെങ്കിലും 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ വിഹിതം അടച്ചിട്ടില്ലെന്ന് കാട്ടിയാണ് ഇ.എസ്.ഐ അധികൃതർ അപേക്ഷ നിരസിച്ചത്. പ്രളയവും കോവിഡ് ലോക്ഡൗണും നിമിത്തമാണ് വിഹിതം അടക്കുന്നതിൽ കുടിശ്ശിക വന്നതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. തുക അടക്കുകയും ചെയ്തു. സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഇ.എസ്.ഐ, ഹരജിക്കാരിയുടെ ഭർത്താവിന് സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും വിലയിരുത്തി.
എന്നാൽ, 2018ലെ ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ ജനറലിെൻറ ഒാഫിസ് മെമ്മോറാണ്ടം അനുസരിച്ച് ഈ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. രോഗം ഗുരുതരമായതിനാൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് പോംവഴി. ഭർത്താവിന് വൃക്ക ദാനം ചെയ്യാൻ ഹരജിക്കാരി തയാറുമാണ്. ഇരുവർക്കും സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ആനുകൂല്യം ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.